തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്.
ഒരുഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത, മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവര്‍ സമവായം ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുകയാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. കോടതിയില്‍ ഏതുരീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിഷയത്തെ വളരെ ഗൗരവത്തോടെയാണു ബോര്‍ഡ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനു പോകാനെത്തിയ കോട്ടയം സ്വദേശി ബിന്ദു ശ്രമം ഉപേക്ഷിച്ചു മടങ്ങി. പൊലീസ് സംരക്ഷണം നല്‍കിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെതുടര്‍ന്നായിരുന്നു ഇവരുടെ മടക്കം. ആന്ധ്രയിലെ ഏലൂരുവില്‍നിന്നുള്ള 4 യുവതികളും മല കയറാന്‍ ശ്രമിച്ചു. പ്രതിഷേധം ശക്തമായതോടെ ഇവരും പാതിവഴിക്കു തിരിച്ചിറങ്ങി.