Home Uncategorized ശബരിമല വിഷയം പറഞ്ഞു നോട്ടിസ് വിതരണം ശ്രദ്ധയിൽപ്പെട്ടുവെന്നു ടിക്കാറാം മീണ

ശബരിമല വിഷയം പറഞ്ഞു നോട്ടിസ് വിതരണം ശ്രദ്ധയിൽപ്പെട്ടുവെന്നു ടിക്കാറാം മീണ

കൊച്ചി: സംസ്ഥാനത്തു പ്രചാരണത്തിന് എത്തിച്ച അഞ്ചു കോടി രൂപ പിടിച്ചെടുത്തതായി  മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ.

തിരഞ്ഞെടുപ്പു പ്രചാരണത്തിനു മന്ത്രിമാരടക്കമുള്ളവർ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കരുതെന്നു കർശന നിർദേശം നൽകി. ഏതെങ്കിലും കാരണവശാൽ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെങ്കിൽ വകുപ്പു സെക്രട്ടറിമാരിൽ നിന്ന് അനുമതി പത്രം വാങ്ങിയ ശേഷം മാത്രം ഉപയോഗിക്കാം. ഉദ്യോഗസ്ഥർ മന്ത്രിമാരെ കാണുന്നതിനു വിലക്കുണ്ട്. അതിഥി മന്ദിരങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിലും കർശന മാർഗ നിർദേശങ്ങളുണ്ട്. അമ്പലത്തിന്റെയും പള്ളിയുടെയും മറ്റും പേരിൽ വോട്ടു ചോദിക്കാൻ പാടില്ല. സാമുദായിക സൗഹാർദം തകർക്കുന്ന രീതിയിലുള്ള പ്രചാരണം ഒരു കാരണവശാലും അനുവദിക്കില്ല. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരിക്കില്ലെന്നും ടീക്കാറാം മീണ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പ്രചാരണം മാത്രമേ പാടുള്ളൂ. പിവിസി, പ്ലാസ്റ്റിക്, ഫ്ലക്സ് തുടങ്ങിയവ ഉപയോഗിക്കുന്നതിനു കർശന വിലക്കുണ്ട്. രാഷ്ട്രീയ പാർട്ടികൾ എല്ലാം ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. നിലവിൽ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഹോൾഡിങ്സ് നീക്കുന്നതിനു ജില്ലാ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് അവർ എല്ലാ ദിവസവും സമർപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ആകെ 24,970 പോളിങ് ബൂത്തുകളാണുള്ളത്. എല്ലാ പോളിങ് ബൂത്തുകളിലും കുടിവെള്ളം, ഹെൽപ് ഡെസ്ക്, ടോയ്‍ലറ്റ് സൗകര്യങ്ങൾ, ഭിന്നശേഷിക്കാർക്കു വേണ്ടി പ്രത്യേക സൗകര്യങ്ങൾ, ഭിന്നശേഷിക്കാരെ വോട്ടു ചെയ്യുന്നതിന് എത്തിക്കുന്നതിനുള്ള വാഹനങ്ങൾ, വീൽ ചെയറുകൾ തുടങ്ങിയവ ഏർപ്പെടുത്തും. ബൂത്തുകളുടെ സുരക്ഷയ്ക്കു വേണ്ടി 149 കമ്പനി ഫോഴ്സ് വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതിനാൽ സുരക്ഷ ശക്തമാക്കും.

സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും വരുന്ന പണം നൽകിയുള്ള വാർത്താ പ്രചാരണം തടയുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ തലത്തിൽ സമിതികൾ രൂപീകരിച്ചു. ജില്ലാ കലക്ടറും മുതിർന്ന മാധ്യമ പ്രവർത്തകരും അംഗങ്ങളായ സമിതി ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ദേവാലയങ്ങളിലോ ക്യാംപസുകളിലോ പ്രചാരണ പരിപാടികൾ പാടില്ല

തിരുവനന്തപുരത്ത് ശബരിമല വിഷയം പറഞ്ഞ് നോട്ടിസ് വിതരണം ചെയ്തതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നു വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം കർഷകരുടെ ലോണിലുള്ള മൊറട്ടോറിയം വിഷയം തന്റെ മുന്നിലെത്തിയിട്ടില്ല. ഫയൽ വന്നാൽ മാത്രമേ അതു പരിശോധിക്കാനാകൂ. വിവിപാറ്റ് യന്ത്രങ്ങൾ സംബന്ധിച്ചു ലഭിച്ച പരാതി പരിശോധിച്ചിരുന്നു. ഇതു വസ്തുതാ വിരുദ്ധമാണെന്നു വ്യക്തമായതിനെ തുടർന്ന് ആരോപണം ഉന്നയിച്ച ആൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവിപാറ്റ് യന്ത്രങ്ങൾ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിർമിക്കുകയും ഗോഡൗണുകളിലും നിർദിഷ്ട ബൂത്തുകളിലും എത്തിക്കുകയുമാണു ചെയ്യുന്നത്. ഇതിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതു തിരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യതയെയാണു ചോദ്യം ചെയ്യുന്നത്. അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here