പമ്പ: ചിത്തിര ആട്ട തിരുനാള്‍ പൂജയ്ക്കു ശബരിമല നട തുറക്കാനിരിക്കെ പ്രതിഷേധക്കാരായ സ്ത്രീകള്‍ സന്നിധാനത്തെത്തിയാല്‍ തടയാന്‍ ശബരിമല ഡ്യൂട്ടിക്ക് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പോലീസുകാര്‍ക്ക് തയ്യാറാവാന്‍ നിര്‍ദ്ദേശം.
യുവതീപ്രവേശം തടയാന്‍ എത്തുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കസ്റ്റഡിയിലെടുക്കാനും നിര്‍ദേശമുണ്ട്. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂന്നു ദിവസത്തെ നിരോധനാജ്ഞ നിലവില്‍ വന്നു. പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍നിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീര്‍ഥാടകരെ കയറ്റുക. ദര്‍ശനം കഴിഞ്ഞു സ്വാമി അയ്യപ്പന് റോഡിലൂടെ മലയിറങ്ങാം. അതേസമയം, മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ പൊലീസ് തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാംപിലേക്കു നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നാണു പൊലീസ് നല്കുന്ന വിശദീകരണം. നിലയ്ക്കല്‍ വരെ പ്രവേശനം എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.