Home PRD വേനലില്‍ ജലക്ഷാമമുണ്ടാകില്ല; മുന്‍കരുതല്‍ തുടങ്ങിയെന്ന് ജലവിഭവ മന്ത്രി

വേനലില്‍ ജലക്ഷാമമുണ്ടാകില്ല; മുന്‍കരുതല്‍ തുടങ്ങിയെന്ന് ജലവിഭവ മന്ത്രി

വേനല്‍ക്കാലത്ത് തിരുവനന്തപുരം ജില്ലയില്‍ ജലദൗര്‍ലഭ്യമുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതായി ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.  ജൂണ്‍ വരെ ആവശ്യമുള്ള വെള്ളം ഇപ്പോള്‍ ഡാമുകളിലുണ്ടെന്നും മന്ത്രി പറഞ്ഞു. നെയ്യാര്‍ ഡാമിന്റെ കാപ്പുകാട് മേഖലയിലും അരുവിക്കര ജലസംഭരണിയിലും സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
തുലാവര്‍ഷം പ്രതീക്ഷയ്‌ക്കൊത്തു ലഭിക്കാതിരുന്നതും വേനല്‍മഴയില്‍ കുറവുണ്ടാകുന്ന സാഹചര്യവും മുന്‍നിര്‍ത്തിയാണ് ജലലഭ്യത ഉറപ്പാക്കുന്നതിന് മുന്‍കരുതലെന്ന് മന്ത്രി പറഞ്ഞു. പേപ്പാറ ഡാമില്‍ ജലംവറ്റിയപ്പോള്‍ നെയ്യാറില്‍നിന്നു നഗരത്തിലേക്കു വെള്ളമെത്തിച്ച പദ്ധതി ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.  ആവശ്യമെങ്കില്‍ ഇത്തവണയും ഇത് ആവര്‍ത്തിക്കും. നഗരത്തിനൊപ്പം ജില്ലയുടെ മറ്റു ഭാഗങ്ങളിലും കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും.
ജനുവരി 21ന് ജലവിഭവ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ജലലഭ്യതയില്‍ എല്ലാ ജില്ലകളിലും തൃപ്തികരമായ സാഹചര്യമാണുള്ളത്. പതിവായി കുടിവെള്ള ക്ഷാമമുണ്ടാകുന്ന ചില മേഖലകളില്‍ ഇത്തവണയും ടാങ്കറില്‍ വെള്ളമെത്തിക്കും. ജില്ലാ കളക്ടര്‍മാരുമായും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ആലോചിച്ച് നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
നെയ്യാറിലെ 100 എം.എല്‍.ഡി. ജലശുദ്ധീകരണശാലയും അരുവിക്കരയിലെ 75 എം.എല്‍.ഡി. ജലശുദ്ധീകരണ ശാലയും വൈകാതെ കമ്മിഷന്‍ ചെയ്യാനാകുമെന്നാണു പ്രതീക്ഷ. അരുവിക്കരയിലെ കുപ്പിവെള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം മാര്‍ച്ചില്‍ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അരുവിക്കരയിലെ 74 എം.എല്‍.ഡി ജലശുദ്ധീകരണശാല, കുപ്പിവെള്ള നിര്‍മാണ പ്ലാന്റ്, നിര്‍മാണത്തിലിരിക്കുന്ന 75 എം.എല്‍.ഡി. ജലശുദ്ധീകരണശാല എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിച്ചു. കെ.എസ്. ശബരിനാഥന്‍ എം.എല്‍.എ, ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ. കൗശികന്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
(പി.ആര്‍.പി. 209/2019)
   വൈദ്യുതി മുടങ്ങും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സ്റ്റാച്യൂ, ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, ത്രിവേണി, കരിമ്പനാല്‍ ആര്‍ക്കേഡ്  എന്നിവിടങ്ങളില്‍ ഇന്ന് (ഫെബ്രുവരി 14) രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച്‌വരെ വൈദ്യുതി മുടങ്ങും.
വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പാണാങ്കര, വെള്ളൈക്കടവ്, കോക്കനട്ട്, പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇടക്കുളം ട്രാന്‍സ്‌ഫോര്‍മര്‍, വിന്നേഴ്‌സ് ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവിടങ്ങളിലും ഇന്ന് (ഫെബ്രുവരി 14) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച്‌വരെ വൈദ്യുതി മുടങ്ങും.
പൂഴിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വലിയകുളം മുതല്‍ ചാലാക്കര, കാഞ്ഞാംപഴിഞ്ഞി ഐര വരെയും മരിയാപുരം മുതല്‍ ചാരോട്ടുകോണം വരെയുമുള്ള പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 14) മുതല്‍ ഫെബ്രുവരി 28 വരെ രാവിലെ 8.30 മുതല്‍ 5.30 വരെ  വൈദ്യുതി ഭാഗികമായോ പൂര്‍ണ്ണമായോ മുടങ്ങുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 214/2019)
ഫാം പോണ്ട് നിര്‍മിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഭാസ്‌കര്‍ നഗറില്‍ ഫാം പോണ്ട് നിര്‍മിച്ചു. 11 പേര്‍ക്ക് 129 തൊഴില്‍ ദിനങ്ങള്‍ ഇതിന്റെ ഭാഗമായി നല്‍കി.  36,000 രൂപയാണ് പദ്ധതി ചെലവ്.  ഭൂഗര്‍ഭ ജലത്തിന്റെ അളവും ലഭ്യതയും വര്‍ധിപ്പിക്കാന്‍ ഫാം പോണ്ടിലൂടെ കഴിയുമെന്നും കാര്‍ഷികാവശ്യത്തിനു ജലം ലഭിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടുമെന്നും അതിയന്നൂര്‍ ജോയിന്റ് ബി.ഡി.ഒ എ.എം.സുശീല പറഞ്ഞു.
(പി.ആര്‍.പി. 210/2019)
മത്സ്യകൃഷി ആരംഭിച്ചു
ഫിഷറീസ് വകുപ്പും പനവൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പദ്ധതിയ്ക്ക് തുടക്കമായി. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി കരിക്കുഴി വാര്‍ഡിലെ കുളത്തില്‍ മല്‍സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എസ്.വി. കിഷോര്‍ ഉദ്ഘാടനം ചെയ്തു.  ഗിഫ്റ്റ് സിലോപിയ മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 52,907 രൂപയാണ് ചെലവ്. കുളം നിര്‍മാണത്തിന്റെ ഭാഗമായി 191 തൊഴില്‍ ദിനങ്ങളും സൃഷ്ടിച്ചു.
വാര്‍ഡ് മെമ്പര്‍ വി.എസ്. സജീവ് കുമാര്‍, മത്സ്യകര്‍ഷക പ്രമോട്ടര്‍ തച്ചന്‍കോട് മനോഹരന്‍ നായര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
(പി.ആര്‍.പി. 211/2019)

മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ഓപ്പറേഷന്‍ ‘കിംഗ് കോബ്ര’ യുമായി ജില്ലാ ഭരണകൂടം

സുരക്ഷ കണക്കിലെടുത്ത് വിമാനത്താവള പരിസരത്ത് സുരക്ഷ മുന്‍നിര്‍ത്തി മാലിന്യ നിക്ഷേപം പൂര്‍ണമായും തടയുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന കോര്‍പ്പറേഷന്‍, റവന്യു-പോലീസ് വകുപ്പുകളുടെ രാത്രികാല സ്‌ക്വാഡിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ഓപ്പറേഷന്‍ ‘കിംഗ് കോബ്ര’ യെന്നാണ് ദൗത്യത്തിന്റെ പേര്.
വിമാനത്താവള പരിസരത്തെ മാലിന്യ നിക്ഷേപം പക്ഷികളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയും ഇത് വിമാനങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ നടപടി. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവള പരിസരത്തെ ജനപ്രതിനിധികളുടെ പ്രത്യേക യോഗം ചേരാനും സബ് കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വിമാനത്താവള പരിസരത്തെ വീടുകളില്‍ നിന്നും ഡോര്‍-ടു-ഡോര്‍ മാലിന്യ ശേഖരണത്തിന് കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തും.
ആറ്റുകാല്‍ പൊങ്കാലയ്ക്കു ശേഷം നടക്കുന്ന മാസ് ക്ലീനിംഗിന്റെ ഭാഗമായി വിമാനത്താവള പരിസരവും മാലിന്യ മുക്തമാക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.  അസിസ്റ്റന്റ് കളക്ടര്‍ ജി. പ്രിയങ്ക, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. എ. ശശികുമാര്‍, പൊലീസ്-ആരോഗ്യ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 212/2019)
‘സുജലം സുഫലം’ രണ്ടാം ഘട്ട പരിശീലനം
ഇന്ന് (ഫെബ്രുവരി 14)
ഹരിതകേരളം മിഷന്റെ കീഴിലുള്ള ‘സുജലം സുഫലം’ ഉപമിഷന്റെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ രണ്ടാം ഘട്ട മേഖലാ പരിശീലനം ഇന്ന് (ഫെബ്രുവരി 14) നടക്കും. രാവിലെ ഒന്‍പതിന് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി നവകേരളം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷന്‍, കൃഷി വകുപ്പ്, കിലെ എന്നിവ സംയുക്തമായാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ഷാനിബാ ബീഗം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, പോത്തന്‍കോട്, വര്‍ക്കല മേഖലകൡ നിന്നുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.പി. 213/2019)

തദ്ദേശ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ
മെച്ചപ്പെടുത്തും : മന്ത്രി എ.സി. മൊയ്തീൻ
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. തദ്ദേശ സ്ഥാപനങ്ങളിലൂടെ ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂർ പഞ്ചായത്ത് ഓഫിസിന്റെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ ബി. സത്യൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 1.35 കോടി രൂപ ചെലവിലാണ് ബഹുനില മന്ദിരം നിർമിക്കുന്നത്. ജില്ലാ പഞ്ചായത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ 
അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും: ആരോഗ്യമന്ത്രി
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. ആർദ്രം മിഷന്റെ  ഭാഗമായി ആശുപത്രിയിൽ നിർമിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
70.5 കോടി രൂപയുടെ വികസന പദ്ധതികളാണ് ആശുപത്രിയിൽ നടപ്പാക്കുന്നത്. ഇവ പൂർത്തിയാകുന്നതോടെ സാധാരണക്കാർക്കും ആധുനിക ചികിത്സ ലഭ്യമാക്കാനാകുമെന്നു മന്ത്രി പറഞ്ഞു. ഒ.പി ബ്ലോക്കിന്റെ രണ്ടാം നിലയുടെയും അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായുള്ള വാത്സല്യകൂടാരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്ത്രീ സൗഹൃദ ശുചിമുറികൾ, വിശ്രമ മുറികൾ, തൊട്ടിൽ സൗകര്യത്തോടെയുള്ള ഫീഡിംഗ് മുറികൾ തുടങ്ങിയവയാണ് വാത്സല്യകൂടാരത്തിലുള്ളത്.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here