ലണ്ടന്‍: വെജിറ്റേറിയന്‍ വിപ്ലവം ക്രിക്കറ്റില്‍ തുടരുകയാണ്. വിരാട് കോലിയും പീറ്റര്‍ സിഡിലുമെല്ലാം വെജിറ്റേറിയനായിക്കഴിഞ്ഞു. ഇക്കുറി കളിക്കാരും അവരുടെ ഭക്ഷണവുമല്ല, ക്രിക്കറ്റ് പന്ത് തന്നെയാണ് വെജിറ്റേറിയനാവുന്നത്. ഇംഗ്ലണ്ടിലെ റീഡിങ്ങിലുള്ള ഏര്‍ളി ക്രിക്കറ്റ് ക്ലബാണ് ഈയൊരു പരീക്ഷണം നടത്തുന്നത്. പതിവ് തുകല്‍ ആവരണത്തിന് പകരം റബ്ബര്‍ കൊണ്ടാവും പന്ത് പൊതിയുക.
തുകല്‍ പന്തുകളില്‍ നിന്ന് കാഴ്ചയിൽ വലിയ വ്യത്യാസം ഉണ്ടാവില്ല ഈ റബ്ബര്‍ ആവരണമുള്ള പന്തിന്. കൂടുതല്‍ ബൗണ്‍സ് ചെയ്യുന്ന പന്തില്‍ ഗ്രിപ്പ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും കാലക്രമത്തില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നാണ് ക്ലബ് ചെയര്മാന് ഗാരി ഷാക്ലാഡിയുടെ അഭിപ്രായം. വൈകാതെ കൗണ്ടിയിലെ മറ്റ് ടീമുകളും ഈ മാതൃക പിന്തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.
രണ്ട് വര്‍ഷം മുന്‍പ് കളിക്കാരുടെ ഭക്ഷണം വെജിറ്റേറിയനാക്കി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ക്ലബാണിത്. പന്നിയിറച്ചികൊണ്ടും ബീഫ് കൊണ്ടുമുള്ള സാന്ഡ്വിച്ചുകള്ക്ക് പകരം മൊറോക്കന്‍ ടാഗിനും ലസാഗ്നെയും സ്പാഗെറ്റി ബൊളോനീസുമെല്ലാം കളിക്കാരുടെ മെനുവില്‍ ഇടംപിടിച്ചു. ക്ലബിലെ മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ബീഫും പോര്‍ക്കും വിളമ്പാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു വെജ്മെനുവിനെ കുറിച്ച് സസ്യാഹാരിയായ ക്ലബ് ചെയര്മാന് ആലോചിച്ചത്.
ഇതിനെതിരേ ചില കളിക്കാര്‍ പ്രതിഷേധിച്ചിരുന്നെങ്കിലും ഇപ്പോള്‍ പ്രശ്നമില്ലെന്ന് പറയുകയാണ് ഷാക്ക്ലാഡി. വെജ് ഭക്ഷണം കളിക്കാരുടെ പ്രകടനത്തിനും ഗുണം ചെയ്തിട്ടുണ്ടെന്ന പക്ഷക്കാരനാണ് ഷാക്ക്ലാഡി.