കൊച്ചി : ഡോളര്‍കടത്തില്‍ നടന്നതു കള്ളപ്പണം വെളുപ്പിക്കലെന്ന നിഗമനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ അപേക്ഷ നല്കി.
പകര്‍പ്പു ലഭിച്ചശേഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ക്കു സമന്‍സ് അയക്കുന്ന കാര്യം തീരുമാനിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍.സ്പീക്കറില്‍നിന്നു മൊഴിയെടുക്കാനുള്ള കസ്റ്റംസ് നീക്കം വൈകുന്നതിനിടെയാണ് ഇ.ഡിയുടെ തീരുമാനം. യു.എ.ഇ. കോണ്‍സുലേറ്റിലെ മൂന്ന് ഉന്നതോദ്യോഗസ്ഥര്‍ വഴിയാണ് നയതന്ത്രചാനലിലൂടെ ഡോളര്‍ വിദേശത്ത് എത്തിച്ചത്.
ഇതു കൈപ്പറ്റിയെന്നു സംശയിക്കുന്ന പ്രവാസി വ്യവസായി പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദിനെ ഇ.ഡി. പലവട്ടം ചോദ്യംചെയ്തുകഴിഞ്ഞു. മസ്കറ്റില്‍ കോളജ് നടത്തുന്ന ലഫീറിന്റെയും സഹോദരന്റെയും ബംഗളുരുവിലെ ഓഫീസിലും പൊന്നാനിയിലെ വീട്ടിലും നടത്തിയ റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഫീറിനെ ഇന്നലെയും ചോദ്യംചെയ്തു. കൊച്ചിയില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളടക്കമുള്ള ഉന്നതര്‍ കോളജില്‍ ബിനാമി പേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. ശ്രീരാമകൃഷ്ണന്, എം. ശിവശങ്കര്‍ എന്നിവരും മറ്റു ചില ഉന്നത ഉദ്യോഗസ്ഥരും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനു തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ്. ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നെന്നും ആര്‍ക്കെല്ലാം പങ്കുണ്ടെന്നും സ്വപ്നയും സരിത്തും കോടതിയില്‍ രഹസ്യമൊഴിയും നല്കി. ലൈഫ് മിഷന് ഇടപാടില്‍ കമ്മീഷനായി ലഭിച്ച നാലരക്കോടിയില്‍ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്നു സ്വപ്ന നേരത്തെ മൊഴി നല്‍കിയിരുന്നു.
ഡോളറടങ്ങിയ ബാഗുമായി കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദിനൊപ്പം താനും സരിത്തും ദുബായില്‍ പോയെന്നും അവിടെവച്ചാണു ഡോളര്‍ കൈമാറിയതെന്നുമായിരുന്നു വെളിപ്പെടുത്തല്‍.