ന്യൂഡല്‍ഹി:പാക് ഭീകര ഗ്രൂപ്പായ ജയ്ഷെ മുഹമ്മദിന്റെ തലവനും കൊടു ഭീകരനുമായ മൗലാന മസൂദ് അസര്‍ മരണമടഞ്ഞതായി ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് സര്‍ക്കാരോ സൈന്യമോ ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ജയ്ഷെ മുഹമ്മദ് അത് നിഷേധിച്ചു.
പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ സൈനികാശുപത്രിയില്‍ ചികിത്സയിലായിരുന്ന മസൂദ് അസര്‍ ശനിയാഴ്ച ഉച്ചയോടെ മരണമടഞ്ഞു എന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. മസൂദിന് ഗുരുതരമായ വൃക്ക രോഗമാണെന്നും പതിവായി ഡയാലിസിസ് നടത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കരളില്‍ കാന്‍സര്‍ ആണെന്ന സൂചനകളുമുണ്ട്. ബലാകോട്ട് ഭീകര കേന്ദ്രത്തിലെ ഇന്ത്യന്‍ ആക്രമണത്തില്‍ പരിക്കേറ്റ മസൂദിനെ ആശുപത്രിയില്‍ എത്തിച്ചതാണെന്നും ഇന്നലെ മരിച്ചെന്നുമായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്.
മസൂദ് അസര്‍ പാകിസ്ഥാനില്‍ ഉണ്ടെന്നും വീടുവിട്ടു പുറത്തു പോകാനാവാത്ത വിധം രോഗബാധിതനാണെന്നും പാകിസ്ഥാന് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ സമ്മതിച്ചിരുന്നു.