Home PRD മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗത്തില്‍  നിയമ സഹായ കേന്ദ്രം

മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗത്തില്‍  നിയമ സഹായ കേന്ദ്രം

മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗത്തില്‍
നിയമ സഹായ കേന്ദ്രം

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും ആശ്രിതര്‍ക്കും നിയമ സഹായം ഉറപ്പാക്കുന്നതിനായി നിയമ സഹായ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ഡിഅഡിക്ഷന്‍ സെന്ററില്‍ തുടങ്ങിയ നിയമ സഹായ കേന്ദ്രം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്തു.

ജില്ലാ നിയമ സേവന അതോറിറ്റിയുടേയും മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ചകളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ ഇവിടെനിന്ന് സേവനം ലഭിക്കും. പുറമേനിന്നുള്ള അപേക്ഷകളും കേന്ദ്രത്തില്‍ പരിഗണിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സിജു ഷെയ്ക്, മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. അനില്‍ പ്രഭാകരന്‍, ഡോ. പി.വി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.പി. 545/2019)

പ്ലസ് വണ്‍ പ്രവേശനം 

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനിലീയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ 2019 – 2020 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സയന്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സ്‌കൂള്‍ ഓഫിസ്, പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പ്രൊജക്ട് ഓഫിസുകള്‍, ട്രൈബല്‍ ഡെവപല്‌മെന്റ് ഓഫിസുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണ് പ്രവേശനത്തിന് യോഗ്യത. വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 23ന് മുന്‍പ് സ്‌കൂളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2846631.

(പി.ആര്‍.പി. 546/2019)

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് കരാര്‍ നിയമനം

പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ നെടുമങ്ങാട് ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് 10ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം. പട്ടിക വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി/തത്തുല്യം, കേരള നഴ്സ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ നല്‍കുന്നതോ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ചതോ ആയ ഓക്സിലറി നഴ്സ് മിഡ്‌െൈവഫെറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയ്നിങ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ജനറല്‍ നഴ്സിങ്, ബി.എസ്.സി. നഴ്സിങ് തുടങ്ങിയവയാണ് യോഗ്യതകള്‍.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് നെടുമങ്ങാട് ഐ.ടി.ഡി.പി. ഓഫിസില്‍ ഇന്റര്‍വ്യൂ നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ മേയ് പത്തിന് രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0472 2812557 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.

(പി.ആര്‍.പി. 547/2019)

അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യും

കഴക്കൂട്ടം ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴില്‍ വരുന്ന സ്ഥലങ്ങളിലെ വൈദ്യുതി പോസ്റ്റുകളിലൂടെ അപകടകരമായ വിധത്തിലോ ടാഗ് ചെയ്യാതെയോ വലിച്ചിട്ടുള്ള കേബിളുകള്‍ ഇനിയൊരറിയിപ്പില്ലാതെ അഴിച്ചു മാറ്റുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

(പി.ആര്‍.പി. 548/2019)

യാത്രയയപ്പ് നല്‍കി

പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന അസിസ്റ്റന്റ് കളക്ടര്‍ ജി. പ്രിയങ്കയ്ക്ക് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ജീവനക്കാരുടെ ഉപഹാരം സമ്മാനിച്ചു. എ.ഡി.എം. പി.ടി. എബ്രഹാം, ഡെപ്യൂട്ടി കളക്ടര്‍മാരായ ജോണ്‍ സാമുവല്‍, പി.ആര്‍. ഗോപാലകൃഷ്ണന്‍, സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.പി. 549/2019)

LEAVE A REPLY

Please enter your comment!
Please enter your name here