തിരുവനന്തപുരം: ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിക്കിടെ ബിജെപി പ്രതിഷേധം. എല്ലാ സുരക്ഷാസംവിധാനങ്ങളും മറികടന്നു വേദിക്കു സമീപത്തു വച്ചായിരുന്നു വനിതകള്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവരെ ഉടന്‍ തന്നെ പൊലീസ് ഇടപെട്ടു നീക്കി. ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടെ മുളക്കുഴിയില്‍ വച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
വേദിയിലേക്ക് ചെങ്ങന്നൂര്‍ ടൗണില്‍ നിന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും പൊലീസ് തടഞ്ഞു. ചെങ്ങന്നൂര്‍ ടൗണില്‍ പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രി തിരികെ പോകുമ്പോഴും പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി.
പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു പുതിയ വീട് നല്കുന്ന ‘കെയര്‍ ഹോം’ പദ്ധതിയുടെ ഉദ്ഘാടനത്തിനു വേണ്ടിയാണു മുഖ്യമന്ത്രി ചെങ്ങന്നൂരിലെത്തിയത്. രാവിലെ സഹകരണ വകുപ്പിന്റെ പരിപാടിയിലും പങ്കെടുത്തിരുന്നു. കെ.സുരേന്ദ്രനെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വഴിതടയലും കരിങ്കൊടി പ്രയോഗവും ഉള്‍പ്പെടെ ശക്തമാക്കുമെന്നു നേരത്തേ ബിജെപി വ്യക്തമാക്കിയിരുന്നു.