തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കാറിടിച്ചു മരിച്ച സംഭവത്തിലെ പ്രതിയായ ഡിവൈ.എസ്പി ബി. ഹരികുമാര്‍ ജീവനൊടുക്കിയതു പൊലീസ് നടപടികള്‍ ശക്തമാക്കിയതിനിടെ. തമിഴ്നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹരികുമാറിനോട് കീഴടങ്ങാന്‍ ബന്ധുക്കള്വഴി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തയാറാകാതെ ഡിവൈഎസ്പി ഒളിയിടങ്ങള്‍ മാറുകയായിരുന്നു. നാളെയാണ് ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. കോടതിയുടെ തീരുമാനം എതിരായാല്‍ മാത്രം കീഴടങ്ങാനായിരുന്നു ഹരികുമാറിന്റെ പദ്ധതി. ശത്രുക്കളുള്ളതിനാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് കൊണ്ടുപോകരുതെന്ന ആവശ്യവും ഹരികുമാര്‍ മുന്നോട്ടുവച്ചിരുന്നു.\
സനല്‍കുമാറിനെ മനഃപൂര്‍വം കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കിയതോടെ ഹരികുമാര്‍ മാനസികമായി സമ്മര്‍ദത്തിലാകുകയായിരുന്നെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.
കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ ഇന്നലെ രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയത്. ഈ വീട് കുറച്ചു നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി നെയ്യാറ്റിന്‍കരയിലാണ് ഡിവൈഎസ്പി ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത.