പമ്പ : മല കയറാനെത്തിയ മനിതികൾ ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ശബരിമലയിലേക്കില്ലെന്ന് വ്യക്തമാക്കിയാണ് മടങ്ങിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് മടങ്ങുന്നതെന്ന് അവർ പൊലീസിനെ അറിയിച്ചു.
ഇന്നലെ രാത്രിയാണ് പൊലീസ് അകമ്പടിയോടെ മനിതികൾ കേരളത്തിലെത്തിയത്. വരുന്ന വഴിയിൽ ഭക്തരുടെ പ്രതിഷേധം ഉണ്ടായെങ്കിലും പമ്പ വരെ എത്താൻ ഇവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ പമ്പയിൽ ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്ലിഫ് ഹൗസിനു മുന്നിലും പ്രതിഷേധ നാമജപം ആരംഭിച്ചു.പമ്പയിൽ പ്രതിഷേധിച്ച ഭക്തരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതൽ അയ്യപ്പ ഭക്തർ പ്രതിഷേധവുമായെത്തിയതിനെ തുടർന്ന് മനിതികൾ പിൻവാങ്ങുകയായിരുന്നു.
നേരത്തെ മനിതികളുടെ നേതാവ് സെൽവിയുടെ അയ്യപ്പ ഭക്തയെന്ന അവകാശ വാദം നുണയാണെന്ന് തെളിഞ്ഞിരുന്നു. ഇവർ സക്കീർ നായിക്കിനു പിന്തുണയർപ്പിക്കുന്ന പോസ്റ്ററുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. മാത്രമല്ല ജെല്ലിക്കെട്ടിനു വേണ്ടി സുപ്രീം കോടതി വിധിക്കെതിരെ ഇവർ പ്രതിഷേധിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു.