നൗകാമ്പ്
പാരിസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ബാഴ്സലോണയ്ക്ക് നെയ്മറെ വേണം. ക്ലബ് ഫുട്ബോൾ ഡയറക്ടർ എറിക് അബിദാൽ ഉൾപ്പെടെയുള്ള സംഘം പിഎസ്ജി ആസ്ഥാനത്തുണ്ട്. വെള്ളിയാഴ്ചയാണ് സ്പാനിഷ് ലീഗ് പുതിയ സീസൺ ആരംഭിക്കുന്നത്. അതിനുമുമ്പ് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ബാഴ്സയുടെ പ്രതീക്ഷ.
ആദ്യ കളിയിൽ അത്ലറ്റികോ ബിൽബാവോയാണ് ബാഴ്സയുടെ എതിരാളികൾ. ക്യാപ്റ്റൻ ലയണൽ മെസി ചാമ്പ്യൻമാരുടെ നിരയിൽ ഉണ്ടാകുമെന്ന് ഉറപ്പില്ല. പരിക്കാണ് മെസിക്ക്.
കഴിഞ്ഞ സീസൺ അവസാനംമുതൽ നെയ്മർ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ബാഴ്സയിലേക്ക് തിരിച്ചുവരുമെന്നായിരുന്നു സൂചനകൾ. എന്നാൽ റയൽ മാഡ്രിഡ് കൂടി നെയ്മറിനായി രംഗത്ത് എത്തിയതോടെ കാര്യങ്ങൾ സങ്കീർണമായി.ഏകദേശം 1600 കോടി രൂപയാണ് പിഎസ്ജി ആവശ്യപ്പെടുന്നത്. അത്രയും തുക മുടക്കാൻ ബാഴ്സ ഒരുക്കമല്ല. പകരം 800 കോടി രൂപയും മൂന്ന് കളിക്കാരെയും നൽകാമെന്നാണ് ബാഴ്സയുടെ വാഗ്ദാനം. ഫിലിപ് കുടീന്യോ, ഇവാൻ റാകിടിച്ച്, നെൽസെൺ സെമെദോ എന്നിവരാണ് ബാഴ്സ വിട്ടുനൽകാൻ ഉദ്ദേശിക്കുന്ന കളിക്കാർ. പിഎസ്ജി ഈ ഉടമ്പടി അംഗീകരിച്ചിട്ടില്ല.
രണ്ട് വർഷംമുമ്പാണ് നെയ്മർ ബാഴ്സ വിട്ട് പിഎസ്ജിയിൽ ചേക്കേറിയത്. പക്ഷേ, പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല ഈ ബ്രസീലുകാരന്.
ബാഴ്സയ്ക്ക് സ്പാനിഷ് ലീഗിൽ ആധിപത്യമുണ്ടെങ്കിലും നെയ്മർ പോയശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായിട്ടില്ല.
ഒൺടോയ്ൻ ഗ്രീസ്മാനാണ് ഈ സീസണിൽ ബാഴ്സയിലെത്തിയ വമ്പൻതാരം. അത്ലറ്റികോ മാഡ്രിഡിൽനിന്നാണ് ഈ മുന്നേറ്റക്കാരൻ ബാഴ്സയിൽ ഇടംപിടിച്ചത്. അയാക്സിൽനിന്നെത്തിയ ഫ്രെങ്കി ഡി യോങ്ങിലും ബാഴ്സയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. കഴിഞ്ഞ സീസണിൽ മെസിയുടെ കാലുകളിലായിരുന്നു ബാഴ്സയുടെ മുന്നേറ്റം. വമ്പൻ താരങ്ങൾ എത്തിയത് ഇക്കുറി പരിശീലകൻ ഏണസ്റ്റോ വാൽവെർദെയ്ക്ക് ആശ്വാസം നൽകും.