തളിപ്പറമ്പ്: കീഴാറ്റൂര്‍ സ്വദേശി ബംഗളൂരുവില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കീഴാറ്റൂരിലെ കെ.പി പ്രഭാകരന്-സുരേഖ ദമ്പതികളുടെ 22 വയസുകാരനായ ഏക മകന് അര്ജുന് പ്രഭാകരന് കൊല്ലപ്പെട്ട കേസിലാണ് ബംഗളൂരു യലഹങ്ക പോലീസ് 4 പേരെ അറസ്റ്റ് ചെയ്തത്.
അര്‍ജുന്റെ സഹപാഠികളായ നാല് വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്കപകടത്തിലാണ് അര്ജുന് മരിച്ചതെന്നായിരുന്നു കോളേജ് അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ വെട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
സഹപാഠികളായ വിദ്യാര്‍ത്ഥികളുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും അര്ജുന് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.