Home Today പ്രേക്ഷക പ്രീതിയില്‍ ബര്‍ഗ്മാന്‍ വിസ്മയം

പ്രേക്ഷക പ്രീതിയില്‍ ബര്‍ഗ്മാന്‍ വിസ്മയം

ലോകസിനിമയിലെ വിസ്മയ പ്രതിഭ ഇംഗ്മര്‍ ബര്‍ഗ്മാന്റെ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ മേളയില്‍ പ്രേക്ഷകത്തിരക്ക്. അഭ്രപാളിയില്‍ കാലാതീതമായ യൗവനമുള്ള ബര്‍ഗ്മാന്‍ ചിത്രങ്ങള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നത്. സമ്മര്‍ വിത്ത് മോണിക്ക, സമ്മര്‍ ഇന്റര്‍ല്യൂഡ്’ഓട്ടം സൊനാറ്റ, ക്രൈസ് ആന്റ് വിസ്‌പേഴ്‌സ്’എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം നിറഞ്ഞ സദസ്സിലായിരുന്നു.
കുടുംബ ജീവിതത്തിലെ സങ്കീര്‍ണതകള്‍ ഹാസ്യാത്മകമായി അവതരിപ്പിച്ച സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ് തിയേറ്ററില്‍ ചിരി പടര്‍ത്തിയപ്പോള്‍, മാര്‍ഗരറ്റ് വോണ്‍ ത്രോത്ത സംവിധാനം ചെയ്ത സേര്‍ച്ചിംഗ് ഫോര്‍ ഇംഗ്മര്‍ ബര്‍ഗ്മാന്‍ എന്ന ഡോക്യുമെന്ററി’അദ്ദേഹത്തിന്റെ ജീവിതചിത്രത്തിന്റെ അനാവരണമായി.
സെലിബ്രേറ്റിംഗ് ഇംഗ്മര്‍ ബര്‍ഗ്മാന്‍ എന്ന വിഭാഗത്തില്‍ ഇന്ന് (ചൊവ്വാഴ്ച) സീന്‍സ് ഫ്രം എ മാരേജ്  പ്രദര്‍ശിപ്പിക്കും. രാത്രി 8.30 ന് ന്യൂ സ്‌ക്രീന്‍ രണ്ടിലാണ് പ്രദര്‍ശനം. ജൊഹാന മരിയന്‍ ദമ്പതികളുടെ കുടുംബ ജീവിതവും വൈവാഹിക ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഫാന്നി ആന്റ് അലക്‌സാണ്ടര്‍,’പെര്‍സോണ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് ബര്‍ഗ്മാന്‍ ചിത്രങ്ങള്‍.
64 സിനിമകള്‍, ഹോപ്പ് ആന്റ് റീബില്‍ഡിംഗില്‍ ‘വെള്ളപ്പൊക്കത്തില്‍’
തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ മേളയിലെ ഏക പ്രദര്‍ശനം ഇന്ന് (ചൊവ്വ). ഉച്ചകഴിഞ്ഞ് 3.30ന് നിള തിയേറ്ററിലാണ് പ്രദര്‍ശനം. ദി ഹ്യൂമന്‍ സ്പിരിറ്റ് :ഹോപ്പ് ആന്റ് റീബില്ഡിംഗ് വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
1924 ല്‍ കുട്ടനാട്ടിലെ പ്രളയകാലത്ത് വീടിനു മുകളില്‍ ഒറ്റപ്പെട്ടുപോയ അപ്പു എന്ന നായയുടെ അതിദാരുണമായ മരണമാണ് ചിത്രത്തിന്റെ പ്രമേയം. കായലിന് നടുവില്‍ കഥയിലെ വീടും പരിസരവും പുനഃസൃഷ്ടിച്ചാണ്  ഈ ഹ്രസ്വചിത്രം തയ്യാറാക്കിയത്.
ഡാര്‍ക്ക് റൂം, പോയിസണസ് റോസസ്, വിഡോ ഓഫ് സൈലന്‍സ്, ദി സൈലന്‍സ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ മത്സര ചിത്രങ്ങളടക്കം 64 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇന്ന് നടക്കുന്നത്. ലോകസിനിമാ വിഭാഗത്തിലെ ഫോക്‌സ്‌ട്രോട്ട്, വുമണ്‍ അറ്റ് വാര്‍, ക്രിസ്റ്റല്‍ സ്വാന്‍ എന്നിവയുള്‍പ്പെടെ 16 ചിത്രങ്ങളുടെ അവസാന പ്രദര്‍ശവും ഇന്നാണ്.
ജൂറി അംഗം അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ ഫിലിപ്പൈന്‍ ചിത്രം ഡാര്‍ക്ക് ഈസ് ദ നൈറ്റും ഇന്ന് പ്രദര്‍ശനത്തിനുണ്ട്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ വിനു എ.കെ യുടെ ബിലാത്തിക്കുഴല്‍, വിപിന്‍ വിജയുടെ പ്രതിഭാസം എന്നിവയുടെ ആദ്യ പ്രദര്‍ശനവുമുണ്ടാകും.
ലക്ഷ്യമിട്ടത് ഇസ്ലാമിക തത്വങ്ങളുടെ ദുര്‍വ്യാഖ്യാനം തടയാന്‍ : മജീദി
ഇസ്ലാമിക തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ നിന്നുള്ള മോചനമാണ് മുഹമ്മദ് : ദി മെസഞ്ചര്‍ ഓഫ് ഗോഡിലൂടെ ലക്ഷ്യമിട്ടതെന്ന് ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജീദ് മജീദി. വിശ്വാസത്തേക്കാളുപരി ഇസ്ലാം മതത്തിലെ മനുഷ്യത്വം ചര്‍ച്ച ചെയ്യാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. അതിന്റെ രാഷ്ട്രീയ സാമൂഹിക തലത്തിലെ വ്യാഖ്യാനങ്ങളേക്കാള്‍ മാനുഷിക വശങ്ങളെയാണ് നിരൂപകര്‍ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ ഭാഗമായി ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്ത് ല്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ചരിത്രത്തെ ആഴത്തില്‍ പഠിച്ചശേഷമാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. അതുകൊണ്ടാണ് ഇസ്ലാമിന്റെ യഥാര്‍ത്ഥ വിശുദ്ധി വരച്ചുകാട്ടാന്‍ ചിത്രത്തിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സംവിധായകരുടെ പ്രധാന വെല്ലുവിളി കഥാപാത്രത്തിന് അനുയോജ്യമായ നടന്മാരെ കണ്ടെത്തലാണ്. കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളായി നിര്‍മ്മിച്ച ചില്‍ഡ്രന്‍ ഓഫ് ഹെവന്റെ ചിത്രീകരണ കാലത്ത് ആ പ്രയാസം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും മജീദി പറഞ്ഞു.
ഭാഷകളുടെ അതിര്‍വരമ്പുകള്‍ സിനിമാ ആസ്വാദനത്തിന് തടസ്സമല്ലെന്നാണ് ഐ.എഫ്.എഫ്.കെ തെളിയിക്കുന്നതെന്നും മജീദി പറഞ്ഞു. അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍  പങ്കെടുത്തു.
സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളെ ബാധിക്കുന്നതായി മോനിക്ക ലൈറാന 
ലോകത്തെ പല രാജ്യങ്ങളും സബ്‌സിഡി നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നതായി അര്‍ജന്റീനിയന്‍ സംവിധായിക മോനിക്ക ലൈറാന. അര്‍ജന്റീനയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കുന്ന സബ്‌സിഡി തുക സംവിധായകരില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ്. ലോകത്തെ പല രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധി സിനിമാലോകത്തേയും ബാധിക്കുന്നതായാണ് ഇത് തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മീറ്റ് ദി ഡയറക്ടറര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
പൊതുസമൂഹത്തിന് പരിചിതമല്ലാത്ത ലക്ഷദ്വീപിലെ ഭാഷയായ ജസരിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് സിന്‍ജാര്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പാമ്പള്ളി പറഞ്ഞു. നിര്‍മ്മാതാവിന്റെ ആശയമനുസരിച്ചാണ്ജസരി ഭാഷയില്‍ ചിത്രീകരണത്തിന് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ എയ്ഞ്ചല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മൗറീന്‍ ഫെര്‍ണാണ്ടസ്, പി.കെ. ബിജുക്കുട്ടന്‍, മീരാസാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here