തിരുവനന്തപുരം: പി.എസ്.സി. നിയമനങ്ങള്‍ നടക്കാത്തതിനെതിരേ റാങ്ക് പട്ടികയിലുള്ളവര്‍ നടത്തുന്ന സമരത്തെ പിന്തുണച്ചും പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേയും പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റ് വളപ്പിലേക്കു ചാടിക്കയറി.
താല്‍ക്കാലിക ജീവനക്കാരായ കൂടുതല്‍ സി.പി.എം. അനുഭാവികളെ സര്‍വീസില്‍ സ്ഥിരപ്പെടുത്തുന്നതിനു മന്ത്രിസഭായോഗം അംഗീകാരം നല്കുമെന്നു പ്രചാരണമുണ്ടായതോടെ സെക്രേട്ടറിയറ്റ് പടിക്കല്‍ രാവിലെ തന്നെ പ്രതിഷേധം കനത്തിരുന്നു. മന്ത്രിസഭായോഗം നടക്കുന്നതിനിടെ മതില് ചാടി ഉള്ളിലെത്തിയ വനിതകളടക്കമുള്ള ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമായി. അതിനിടെ പോലീസിന്റെ വാഹനം തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കി. പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടേറിയറ്റ് വളപ്പില്‍ പ്രവേശിച്ചതോടെ കൂടുതല്‍ പോലീസിനെ അവിടേക്കു നിയോഗിച്ചു.
പ്രതീകാത്മകമായി ശവമഞ്ചമടക്കം എത്തിച്ചാണു റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതിഷേധം ശക്തമാക്കിയത്. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം ശക്തമാക്കാനാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, സി.പി.ഒ. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ തീരുമാനം. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ലിസ്റ്റിലുള്ളവരെ എല്ലാ ജില്ലകളില്‍നിന്നും സമരവേദിയിലെത്തിക്കും. റദ്ദായ റാങ്ക്ലിസ്റ്റ് പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരാനാണ് സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ഥികളുടെയും തീരുമാനം.