കൊച്ചി: ദേവസ്വം ഫണ്ട് വകമാറ്റി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ശബരിമലയില്‍ പൊലീസിനുള്ള ഭക്ഷണത്തിനും താമസത്തിനും മറ്റും ദേവസ്വം ഫണ്ട് ചെലവഴിക്കുന്നെന്ന പരാതി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് വിശദീകരണം നല്കാന് ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
ശബരിമലയില്‍ സൗജന്യ അന്നദാനം ഉണ്ടെങ്കിലും പൊലീസ് അവിടുന്ന് കഴിക്കുന്നില്ലെന്നും പൊലീസിന് ഭക്ഷണത്തിന് പ്രത്യേക മെസ് സൗകര്യം ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
ശബരിമല എത്രയും വേഗം സാധാരണ നിലയിലേക്കു തിരിച്ചു കൊണ്ടുവരണമെന്നു കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണം. നിയമം കൈയിലെടുക്കരുതെന്നു ഹര്‍ജിക്കാരോടും കോടതി നിര്‍ദേശിച്ചു. അങ്ങനെ സംഭവിച്ചാല്‍ അതിനു മുന്നില്‍ കണ്ണുകെട്ടി നില്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൊലീസ് ശയന പ്രദക്ഷിണം തടയുന്നെന്ന ഹര്‍ജിയിലാണു ഈ നിര്‍ദേശം. അതേസമയം, സത്യവാങ്മൂലം നല്കാന് വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
പതിനൊന്നാം മണിക്കൂറില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ എങ്ങനെ ഇന്നു തന്നെ പരിശോധിക്കുമെന്നു കോടതി ചോദിച്ചു. ഇന്ന് പരിഗണിക്കണമെങ്കില്‍ ഇന്നലെ സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍ രേഖകള്‍ സമ്പാദിക്കാനുണ്ടായ കാലതാമസമാണെന്ന് അഡ്വക്കേറ്റ് ജനറല്‍ (എജി) അറിയിച്ചു. ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
ശബരിമലയില്‍ പൊലീസ് പ്രകോപനം സൃഷ്ടിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു. യഥാര്‍ഥ ഭക്തരില്‍നിന്നു പൊലീസിനെതിരെ പരാതി ഇല്ല. യഥാര്‍ഥ ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ല. സുപ്രീം കോടതി വിധിക്കെതിരെ ശബരിമലയില്‍ സംഘടിച്ച് അക്രമം കാണിച്ചവര്‍ക്കു നേരെയാണു പൊലീസ് നടപടിയുണ്ടായത്. ശബരിമലയിലെ നടപ്പന്തലില്‍ കിടക്കാതിരിക്കാന്‍ വെളളമൊഴിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. നടപ്പന്തല്‍ വെള്ളമൊഴിച്ചു കഴുകുന്നതു പതിവാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.