Home POLITICS തുലാവര്‍ഷം എത്തി ; 6 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടി മഴ പെയ്യും

തുലാവര്‍ഷം എത്തി ; 6 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടി മഴ പെയ്യും

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചുകൊണ്ട് ശക്തമായ മഴ. തുലാവര്‍ഷം കേരളത്തില്‍ എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വരുന്ന ആറു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും ഇടിമിന്നലോടു കൂടിയ മഴക്കാണു സാധ്യതെയെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

വടക്കന്‍ കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്. വരുന്ന ആറു ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ചു ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി രൂപംകൊണ്ട ചുഴലിക്കാറ്റും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവുമാണ് തുലാമഴ വൈകാന്‍ കാരണമായത്. തമിഴ്‌നാട്, തെക്കന്‍കര്‍ണ്ണാടകം, പുതുച്ചേരി, റായലസീമ എന്നിവിടങ്ങളിലും ശക്തമായ മഴ കിട്ടുന്നുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് 14 സെന്റിമീറ്റര്‍ മഴ കിട്ടി. സാധാരണ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് തുലാമഴ നല്ലരീതിയില്‍ ലഭിക്കുക. അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയിലും തുലാവര്‍ഷം സജീവമാകാറുണ്ട്.
ഇടിമിന്നലാണ് തുലാമഴയുടെ പ്രത്യേകത. മിന്നലപകടങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കണം. ഡിസംബര്‍ പകുതിവരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമാന്യം നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here