Home Uncategorized ജി. സുധാകരന്റെ ഭാര്യകേരള സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനം രാജി വച്ചു

ജി. സുധാകരന്റെ ഭാര്യകേരള സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനം രാജി വച്ചു

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനം രാജി വച്ചു. ജി. സുധാകരന്റെ സല്‍പ്പേരിനു കളങ്കമേല്‍പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായി അവര്‍ ആരോപിച്ചു.

പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തന്നെയും ജി. സുധാകരനെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നു. തന്നെ കരുവാക്കിക്കൊണ്ടു മന്ത്രിയെ ആക്രമിക്കാന്‍ അനുവദിക്കില്ല. സത്യസന്ധരുടെ പിന്നാലെ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.സ്വന്തം ഭര്‍ത്താവിനോടു പോലും പറഞ്ഞിട്ടല്ല സര്‍വകലാശാലയിലെ അഭിമുഖത്തിനെത്തിയത്. 52 വര്‍ഷത്തിലധികമായി രാഷ്ട്രീയത്തിലുള്ള ജി. സുധാകരനെക്കുറിച്ച് ഇതുവരെ അഴിമതി ആരോപണം ഉണ്ടായിട്ടുണ്ടോ?. മനസ്സാ വാചാ അറിയാത്ത കാര്യങ്ങളാണ് ഈ പുറത്തുവരുന്നത്. എത്ര തവണയാണ് ഓരോരുത്തര്‍ക്കും മറുപടി പറയേണ്ടത്. സ്വന്തം ഇഷ്ടപ്രകാരമാണു രാജി വയ്ക്കുന്നതെന്നും ജൂബിലി പറഞ്ഞു.
കേരള സര്‍വകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ മേധാവിയായി ജൂബിലി നവപ്രഭയെ നിയമിക്കുന്നതിനു വഴിയൊരുങ്ങിയതു സര്‍വകലാശാലാ ബജറ്റ് മുതലാണ്. ഈ നീക്കത്തിനു തുടക്കമിട്ടതു സിപിഎം പ്രതിനിധികളായ സിന്‍ഡിക്കറ്റ് അംഗങ്ങളും. മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, ടെക്‌നോളജി എന്നീ സ്വാശ്രയ വിഭാഗങ്ങള്‍ക്ക് ഓരോന്നിനും നിലവില്‍ ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്നു. സര്‍വകലാശാലയില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന പ്രഫസര്‍മാരെയാണ് ഈ തസ്തികയില്‍ നിയമിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ സര്‍വകലാശാലാ ബജറ്റില്‍ മൂന്നു വിഭാഗവും ഒരു കുടക്കീഴിലാക്കി ഏക ഡയറക്ടറാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ സിപിഎം നേതാവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ കെ.എച്ച്.ബാബുജാനാണു ബജറ്റ് അവതരിപ്പിച്ചത്. ഒരു മാറ്റം കൊണ്ടുവരുന്നുവെന്നല്ലാതെ, ആര്‍ക്കെങ്കിലുമുള്ള വഴിയൊരുക്കമാണെന്ന് അന്ന് ആരും കരുതിയില്ല.
തുടര്‍ന്നു സ്വാശ്രയ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള കമ്മിറ്റി ചേര്‍ന്നു ബജറ്റ് തീരുമാനം നടപ്പാക്കണമെന്നു സിന്‍ഡിക്കറ്റിനു ശുപാര്‍ശ നല്‍കി. തുടര്‍ന്നാണു നിയമന നടപടി ആരംഭിച്ചത്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, വകുപ്പു മേധാവി തസ്തികകളില്‍നിന്നു വിരമിച്ചവരായിരിക്കണം ഡയറക്ടറായി അപേക്ഷിക്കേണ്ടതെന്നു നിശ്ചയിച്ചു. സര്‍വകലാശാലാ ചട്ടങ്ങളനുസരിച്ചു വൈസ് പ്രിന്‍സിപ്പല്‍, വകുപ്പു മേധാവി എന്നീ പദവികളില്ല. കോളജുകള്‍ അവിടത്തെ ഭരണസൗകര്യാര്‍ഥം സ്വന്തം നിലയ്ക്കു നല്‍കുന്ന സ്ഥാനമാണിത്. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ ഉള്‍പ്പെടെ എട്ടുപേരാണു ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ആലപ്പുഴ എസ്ഡി കോളജില്‍ വൈസ് പ്രിന്‍സിപ്പലും കൊമേഴ്‌സ് അധ്യാപികയുമായിരുന്നു ഇവര്‍.
മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, ടെക്‌നോളജി വിഭാഗങ്ങളെ നയിക്കാന്‍ കൊമേഴ്‌സ് അധ്യാപികയെ നിയമിക്കുന്നതിലെ യുക്തിയെക്കുറിച്ചു സര്‍വകലാശാലയിലെ ചില ഉന്നതോദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. നിലവിലുള്ള മൂന്നു ഡയറക്ടര്‍മാര്‍ക്കും മതിയായ യോഗ്യതയുണ്ടെന്നും അവര്‍ അനൗദ്യോഗികമായി പറഞ്ഞു. ഡയറക്ടര്‍ക്കു സര്‍വകലാശാല നിശ്ചയിച്ച യോഗ്യതകളുണ്ട് എന്നതു മാത്രം പരിഗണിച്ചാല്‍ മതിയെന്നു സിപിഎം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അഭിമുഖം നടത്തി ജൂബിലി നവപ്രഭയെ നിയമിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here