Home PRD ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം പാളയംകുന്ന് സ്‌കൂളില്‍

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം പാളയംകുന്ന് സ്‌കൂളില്‍

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം പാളയംകുന്ന് സ്‌കൂളില്‍

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍ 06) പാളയംകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ 9.30നു നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ എസ്.പി.സി. യൂണിറ്റ്, ഓപ്പണ്‍ ക്ലാസ് റൂം, റീഡിങ് കോര്‍ണര്‍ എന്നിവയുടെ ഉദ്ഘാടനം വി. ജോയ് എം.എല്‍.എ. നിര്‍വഹിക്കും.

(പി.ആര്‍.പി. 612/2019)

നിപ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലയിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാരുടേയും ആര്‍.എം.ഒമാരുടേയും യോഗം ചേര്‍ന്നു പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തി.

ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ലക്ഷണങ്ങളുമായെത്തുന്നവര്‍ക്കായി പ്രത്യേക ഒ.പി കൗണ്ടര്‍, പനി ക്ലിനിക്ക്, പനി വാര്‍ഡ് എന്നിവ തുടങ്ങാന്‍ ആരോഗ്യ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. എന്‍സഫലൈറ്റിസ്, ശ്വാസംമുട്ടല്‍, അതികഠിനമായ പനി എന്നിവയുമായി എത്തുന്ന രോഗികളെ നിരീക്ഷിക്കാനും ആവശ്യമായ പരിശോധനകള്‍ ഉറപ്പാക്കാനും സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തലവേദന, പനി, ചുമ, ശ്വാസംമുട്ട്, തലകറക്കം, പരസ്പര ബന്ധമില്ലാതെ സംസാരിക്കല്‍,  വയര്‍വേദന, ഛര്‍ദില്‍ തുടങ്ങിയവയാണ് നിപ രോഗബാധയുടെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണം കണ്ടാല്‍ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തി ചികിത്സ തേടണം. പനിയും ചുമയുമുള്ളവര്‍ മാസ്‌കോ തൂവാലയോ ഉപയോഗിച്ച് വായും മൂക്കും നിര്‍ബന്ധമായും മറയ്ക്കണം. മറ്റു രോഗികളുമായോ ആള്‍ക്കാരുമായോ അടുത്തിടപഴകരുത്. രോഗിയുമായി അടുത്തിടപഴകുന്നവരും പരിചരിക്കുന്നവരും മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടവ

Ø നിപ രോഗത്തിനെതിരേ ഭീതിയല്ല, കരുതലോടുകൂടിയ ജാഗ്രതയാണു വേണ്ടത്.
Ø വവ്വാലുകളുടെ ഭക്ഷണാവശിഷ്ടങ്ങളും കാഷ്ഠവുമായും സമ്പര്‍ക്കമുണ്ടാകാതെ സൂക്ഷിക്കണം.
Ø വവ്വാല്‍ കടിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാമ്പഴം, ഞാവല്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍, വവ്വാല്‍ ഉള്ള പ്രദേശങ്ങളിലെ തെങ്ങിലെ കള്ള് എന്നിവ ഉപയോഗിക്കരുത്.
Ø പനിബാധയുള്ളവരുമായി അടുത്തിടപഴകുകയോ രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
Ø ആശുപത്രികൡലെ രോഗീസന്ദര്‍ശനം പരമാവധി കുറയ്ക്കണം
Ø രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കുക. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ (1056 – ടോള്‍ ഫ്രീ), 0471 2552056, ജില്ലാ മെഡിക്കല്‍ ഓഫിസിലെ 0471 2466828 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

(പി.ആര്‍.പി. 611/2019)

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്, ക്ലസ്റ്റര്‍ തലത്തില്‍ അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ 19, 20, 21, 22 തീയതികളില്‍ മണക്കാടുള്ള ജില്ലാ മത്സ്യഭവന്‍ ഓഫിസില്‍വച്ചാണ് ഇന്റര്‍വ്യൂ. ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി, ഫിഷറീസ് അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം, എസ്.എസ്.എല്‍.സിയും കുറഞ്ഞത് മൂന്നു വര്‍ഷം ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയില്‍ ഏതെങ്കിലും ഒന്നുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായ പരിധി 20നും 56നും മധ്യേ.

വര്‍ക്കല താലൂക്കിലുള്ളവര്‍ക്ക് ജൂണ്‍ – 19, തിരുവനന്തപുരം – 20, നെയ്യാറ്റിന്‍കര – 21, കാട്ടാക്കട, നെടുമങ്ങാട് – 22 എന്നിങ്ങനെയാണ് ഇന്റര്‍വ്യൂവിന്റെ ക്രമീകരണം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിത തീയതികളില്‍ രാവിലെ 11നും ഒന്നിനും ഇടയ്ക്ക് ഇന്റര്‍വ്യൂവിനു ഹാജരാകണമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0471 2464076.

(പി.ആര്‍.പി. 613/2019)

കഠിനംകുളം കരിഞ്ഞവയല്‍ തോടിന് പുതുജീവന്‍

കഠിനംകുളം പഞ്ചായത്തിലെ കരിഞ്ഞവയല്‍ തോടിന് പുതുജീവന്‍ ലഭിക്കുന്നു. അനധികൃത കയ്യേറ്റങ്ങളും മാലിന്യവും മൂലം ഒഴുക്ക് നിലച്ച് വരണ്ട അവസ്ഥയിലായിരുന്ന തോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിയാക്കാന്‍ തീരുമാനിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് വിളയിക്കുളം മുതല്‍ ചാന്നാങ്കര വരെ എട്ടുകിലോ മീറ്റര്‍ നീളത്തിലുള്ള തോട് പുനര്‍ നിര്‍മിക്കുന്നത്. രണ്ടു മീറ്റര്‍ വീതിയും 60 സെന്റീമീറ്റര്‍ ആഴവും എന്ന കണക്കിലാണ് തോട് നിര്‍മ്മാണം.  ഒരു വാര്‍ഡില്‍  25 മുതല്‍ 30 തൊഴിലാളികള്‍ ഏകദേശം 530 തൊഴില്‍ ദിവസമെടുത്താണ്  പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലൂടെ ഒഴുകുന്ന തോട് പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കുന്നത്. തോടിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ് പറഞ്ഞു.

(പി.ആര്‍.പി. 614/2019)

അഞ്ചാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിലേയ്ക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി പ്രകാരം 2019-20 അധ്യയന വര്‍ഷത്തേയ്ക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിന് നാലാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കില്‍ പാസായ തിരവവനന്തപുരം ജില്ലയിലെ (മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ ഒഴികെ) പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തിന് താമസം, ഭക്ഷണം, ഫീസ് തുടങ്ങിയ എല്ലാ ചെലവുകളും ജില്ലാ പഞ്ചായത്ത് വഹിക്കും.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, നാലാം ക്ലാസ് അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഏഴിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം പിന്‍-695003 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  0471 2314238.

(പി.ആര്‍.പി. 615/2019)

ഹോമിയോ ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ

തിരുവനന്തപുരം ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ഹോമിയോ ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് എസ്.എസ്.എല്‍.സി പാസ്, എന്‍.സി.പി/സി.സി.പി കോഴ്‌സ് പാസ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഉയര്‍ന്ന പ്രായപരിധി 40 വയസ്.  താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ജൂണ്‍ 17 ന് തിരുവനന്തപുരം കിഴക്കേക്കോട്ടയിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ഹാജരാക്കാത്ത ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് പരിഗണിക്കില്ല.   ഫോണ്‍ 0471 2474266.

(പി.ആര്‍.പി. 616/2019)

പത്രപ്രവര്‍ത്തക പെന്‍ഷന്‍
അംശദായ കുടിശിക അടയ്ക്കാനവസരം

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ 2017ലെ സ്‌പെഷ്യല്‍ ഡ്രൈവ് പ്രകാരം അംഗത്വം ലഭിച്ചവരുടെ അംശദായ കുടിശിക ഒടുക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു.

അംശദായ കുടിശിക 50,000 രൂപ വരെയുള്ളവര്‍ക്ക് രണ്ടു ഗഡുക്കളായും 50,000 രൂപയ്ക്കു മുകളിലുള്ളവര്‍ക്ക് നാലു ഗഡുക്കളായും തുക അടയ്ക്കാം.  സെപ്റ്റംബര്‍ 20 നകം തുക അടയ്ക്കണം.

അംശദായം മൂന്നു വര്‍ഷം വരെ മുടക്കം വരുത്തിയവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി അംഗത്വം പുനഃസ്ഥാപിച്ചു നല്‍കും.  ഏഴു മാസം മുതല്‍ മൂന്നു വര്‍ഷം വരെ അംശദായം മുടങ്ങിയവരില്‍നിന്ന് 15 ശതമാനം പിഴപ്പലിശ ഈടാക്കും. പത്ര സ്ഥാപനത്തില്‍ ഇപ്പോഴും തുടരുന്നു എന്നതു സംബന്ധിച്ച എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഇവര്‍ ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here