ന്യൂഡൽഹി∙ ചൈനയ്ക്കു മുൻപിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തല കുനിച്ചുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ഭൂമി മോദി ചൈനയ്ക്കു വിട്ടുനൽകി. ഇരു രാജ്യങ്ങളും പിന്മാറുന്നു എന്നാണ് പ്രതിരോധ മന്ത്രി പ്രസ്താവന നടത്തിയത്. ഫിംഗർ ഫോർ ആണ് ഇന്ത്യയുടെ പോസ്റ്റ്. അത് ഫിംഗർ ത്രീ ആയി മാറി. ഇതെന്തിനാണെന്ന് പ്രതിരോധമന്ത്രി മറുപടി പറയണം. എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്താത്തതെന്നും രാഹുൽ ചോദിക്കുന്നു.
ഇന്ത്യയുടെ കൈവശം ഫിംഗർ 4 വരെ ഭൂമി ഉണ്ടായിരുന്നു. ഇപ്പോൾ ഫിംഗർ 3 ലേക്ക് പിന്മാറിയത് എന്തിനാണ്? നമ്മുടെ വീരസൈനികർ കഷ്ടപ്പെട്ട് പിടിച്ച കൈലാസ നിരകൾ വിട്ടു കൊടുത്തത് എന്തിനാണ്? ഡെപ്സങ്, ഗോൻഗ്ര, ഹോട്സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ ചൈന കടന്നു കയറിയിരുന്നു. അതേക്കുറിച്ചു മിണ്ടാത്തത് എന്താണ്? പ്രധാനമന്ത്രി ഇന്ത്യൻ മേഖല ചൈനയ്ക്കു നൽകിയെന്നതാണ് സത്യം. രാജ്യത്തിന് ഉത്തരം നൽകാൻ മോദി തയാറാകണം. എന്തുകൊണ്ടാണ് നമ്മുടെ മേഖല മോദി ചൈനയ്ക്കു നൽകിയത്.
തൽസ്ഥിതി എന്ന നിലപാട് കേന്ദ്രസർക്കാർ മറന്നു. ചൈനയ്ക്ക് മുൻപിൽ നിവർന്നു നിൽക്കാൻ മോദിക്ക് പേടിയാണെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്നു. സൈന്യത്തിന്റെ ത്യാഗത്തെ അദ്ദേഹം ചതിക്കുകയാണ്. ഇന്ത്യയിലെ ഒരാളും ഇത് അനുവദിക്കരുത്. മൂന്നു സേനാവിഭാഗങ്ങളും ചൈനയെ നേരിടാൻ തയാറാണ്. മാധ്യമങ്ങൾ സത്യം പുറത്തുകൊണ്ടുവരണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.