Home NATIONAL ചന്ദ്രബാബു നായിഡുവും താനും ശത്രുക്കളല്ലെന്നു രാഹുല്‍ ഗാന്ധി

ചന്ദ്രബാബു നായിഡുവും താനും ശത്രുക്കളല്ലെന്നു രാഹുല്‍ ഗാന്ധി

ഹൈദരാബാദ് : തെലുങ്കുദേശം അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും താനും ശത്രുക്കളല്ലെന്നും തങ്ങള്‍ക്കിടയില്‍ മികച്ച പരസ്പരധാരണയാണുള്ളതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്നെക്കാള്‍ 20 വയസ്സോളം മുതിര്‍ന്ന നായിഡുവുമായി തെലങ്കാനയില്‍ തിരഞ്ഞെടുപ്പു പ്രചാരണ വേദി പങ്കിടുകയായിരുന്നു രാഹുല്‍.


‘ഞങ്ങള്‍ അന്യോന്യം ഇഷ്ടപ്പെടുന്ന വ്യക്തികളാണ്; ഒരുമിച്ചു പലതും ചെയ്യാനാകുമെന്നു ചിന്തിക്കുന്നവരും. ഈ തിരഞ്ഞെടുപ്പില്‍ നിങ്ങളതു കാണാനിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കും’ രാഹുല്‍ പറഞ്ഞു. കാലങ്ങളായി തുടരുന്ന വൈരം മാറ്റിവച്ചാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മല്‍സരിക്കാന് ഇരുപാര്‍ട്ടികളും തീരുമാനമെടുത്തത്. വിശാലവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായിരിക്കും സഖ്യമെന്ന് ഇരുപാര്‍ട്ടികളും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
രാജ്യമാണ് പരമപ്രധാനമെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ കാഴ്ചപ്പാടു വളരെ വ്യക്തമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തെലുങ്കുദേശവും കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്നിരിക്കുന്നത് രാജ്യത്തെ ബിജെപിയില്‍നിന്നു രക്ഷിക്കാനാണെന്നും അതു തങ്ങളുടെ ഉത്തരവാദിത്തമായാണ് കരുതുന്നതെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here