Home Govt Release ചക്കുളത്തുകാവില്‍ പൊങ്കാല നവംബര്‍ 23ന്

ചക്കുളത്തുകാവില്‍ പൊങ്കാല നവംബര്‍ 23ന്

തിരുവനന്തപുരം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബര്‍ 23ന് നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്ര പരിസരപ്രദേശങ്ങള്‍ കൂടാതെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ ഇത്തവണ വയ്ക്കും.പൊങ്കാല ദിവസമായ കാര്‍ത്തികനാളില്‍ അമ്മയുടെ അനഗ്രഹം തേടി ധന്യരാക്കാന്‍ കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്തും. അഭീഷ്ടസിദ്ധി, മംഗല്യഭാഗ്യം, ഐശൈ്വര്യപ്രാപ്തി എന്നിവയ്ക്കുള്ള ആത്മസമര്‍പ്പണവഴിപാടാണ് ചക്കുളത്തുകാവില്‍പൊങ്കാല.

പുലര്‍ച്ചെ നാലിന് ഗണപതിഹോമവും നിര്‍മ്മാല്യദര്‍ശനവും, 8.30ന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, രാവിലെ ഒന്‍പതിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

പൊങ്കാലയുടെ ഉദ്ഘാടനവും അന്നദാനമണ്ഡപം സമര്‍പ്പണവും ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദേവിയെ ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് എഴുന്നള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്പോള്‍ പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും.
അഞ്ഞൂറിലധികം വേദപ്ണ്ഡിതന്മാരുടെ കാര്‍മികത്വത്തില്‍ 11ന് ദേവിയെ 41 ജീവിതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നിവേദിക്കും. പൊങ്കാല നേദ്യത്തിനുശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടത്തും. വൈകിട്ട് 5.30ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്യും. യു.എന്‍. വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി.ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നിപകരും.


വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ആയിരത്തിലധികം ക്ഷേത്ര വോളന്റിയേഴ്‌സ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭക്തരുടെ പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമെ താല്‍ക്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തും. പോലീസ്, കെ.എസ്.ആര്‍.ടി.സി., ആരോഗ്യ-തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി., ജല അതോരിറ്റി, എക്‌സൈസ്, ജലഗതാഗതം, റവന്യൂ വകുപ്പുകളുടെ സേവനം ആലപ്പുഴ – പത്തനംതിട്ട ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും. പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.കെ.കെ.ഗോപാലകൃഷ്ണ്‍ നായര്‍, മണിക്കുട്ടന്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, പി.ആര്‍.ഒ. സുരേഷ് കാവുംഭാഗം, കെ.സതീഷ്‌കുമാര്‍, സന്തോഷ് ഗോകുലം, അജിത് പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here