ഗുരുവായൂര്‍: സിപിഐ-സിപിഎം തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഗുരുവായൂര്‍ നഗരസഭചെയര്‍പേഴ്സണ്‍ പ്രഫ പി കെ ശാന്തകുമാരി രാജിവെച്ചു. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക യോഗത്തിനൊടുവിലായിരുന്നു നാടകീയമായ രാജി പ്രഖ്യാപനം. ബസ് സ്റ്റാന്‍ഡ് കെട്ടിടം, അമിനിറ്റി സെന്റര്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ഇനിയും വൈകുമെന്നതിനാല്‍ രാജിസമര്പ്പിക്കുകയായിരുന്നുവെന്ന് ശാന്തകുമാരി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നഗരസഭ സെക്രട്ടറി വി പി ഷിബുവിന് രാജികത്ത് കൈമാറി. വൈസ്ചെയര്‍മാന്‍ കെ പി വിനോദ് ആക്ടിങ്ങ് ചെയര്‍മാനാകും.
മുന്നണിയുടെയും നഗരസഭയുടെയും പരിപാടികള്‍ ബഹിഷ്കരിച്ചുകൊണ്ടുള്ള സിപിഐയുടെ ശീതസമരം തുടരുന്നതിനിടെയാണ് രാജി. ഇടതുമുന്നണിയിലെ ധാരണ പ്രകാരം കഴിഞ്ഞ മാസം 18ന് പി കെ ശാന്തകുമാരിയുടെ ചെയര്‍പേഴ്സണ്‍ കാലാവധി പൂര്‍ത്തിയായിരുന്നു. എന്നാല്‍, ചില വികസനപ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നടത്തി ജനുവരി മൂന്ന് വരെ തുടരാനായിരുന്നു സിപിഎം തീരുമാനം. ഇരുമുന്നണികള്‍ക്കും നിര്‍ണായകമായ ഗുരുവായൂരില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് വിമതയായ ശാന്തകുമാരിക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കിയത് സിപിഎം ആയിരുന്നു. ശാന്തകുമാരിക്ക് നല്കിയ കാലാവധി പൂര്‍ത്തിയായിട്ടും രാജിവയ്പ്പിക്കാത്ത സിപിഎം നിലപാടിനെതിരെ ഇതോടെ എല്‍ഡിഎഫില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ധാരണ പ്രകാരം നാലാം വര്‍ഷം സിപിഐക്കും അഞ്ചാം വര്‍ഷം സിപിഎമ്മിനുമാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം.
സിപിഐക്ക് ഊഴം നല്‍കാതെ നീട്ടികൊണ്ടുപോകാന്‍ തീരുമാനിച്ചതോടെ ഇതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഏതാനും പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ക്ക് ശേഷം ചെയര്‍പേഴ്സണ്‍ രാജിവച്ചാല്‍ മതിയെന്ന സിപിഎം നിലപാടിനോട് സിപിഐ പരസ്യമായി വിയോജിച്ചു. അവസാന ഒരു വര്‍ഷം സിപിഎമ്മിനാണ് പദവിയെന്നതിനാല് നിലവിലെ അധ്യക്ഷ രാജി വയ്ക്കാതെ നീണ്ടുപോകുന്ന ദിവസങ്ങള്‍ അത്രയും നഷ്ടമാക്കി ഒരു വര്‍ഷമെന്ന കാലാവധി തീരും മുമ്പേ രാജിവയ്ക്കേണ്ട അവസ്ഥ വരുമോ എന്ന ആശങ്കയാണ് സിപിഐക്കാര്ക്കുണ്ടായിരുന്നത്.
ശാന്തകുമാരി രാജിവച്ചതോടെ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ് സിപിഐ അംഗങ്ങള്‍. സിപിഐയിലെ വി എസ് രേവതിയാകും എല്‍ഡിഎഫിന്റെ അടുത്ത ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി. രാജി നീണ്ട് പോയതുവഴി ഉണ്ടായ ദിവസനഷ്ടങ്ങള് കൂടി കണക്കാക്കി ധാരണ പ്രകാരമുള്ള ഒരുവര്‍ഷമെന്ന കാലാവധി ലഭിക്കണമെന്നാണ് സിപിഐ ആവശ്യം. ഇതില്‍ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടും സ്വീകരിച്ചു കഴിഞ്ഞു. കൗണ്‍സില്‍ യോഗം അടക്കം ശാന്തകുമാരി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കാന്‍ അഞ്ച് സിപിഐ കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചതിന്റെ വിജയമാണ് ഇപ്പോഴുണ്ടായതെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച കൗണ്‍സിലര്‍മാര്‍ നഗരസഭയുടെ ഔദ്യോഗിക പരിപാടികളും ബഹിഷ്കരിച്ചു തുടങ്ങിയിരുന്നു. ഏറ്റവുമൊടുവില്‍ നഗരസഭാ പരിധിയില്‍ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലും സിപിഐ കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു. ഈ യോഗത്തിന്റെ അവസാന സമയത്ത് ചെയര്‍പേഴ്സണ്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. നല്ലതിന് വേണ്ടി മാത്രം പ്രയത്നിച്ചാണ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതെന്ന വിതുമ്പലോടെയായിരുന്നു പ്രഖ്യാപനം. അപ്രതീക്ഷിതമായ രാജിപ്രഖ്യാപനം, യോഗത്തില്‍ കൂടിയിരുന്നവരെ സ്തംഭരാക്കി.
ഒരു മണിക്കൂര്‍ പിന്നിട്ട അവലോകന യോഗം പിന്നീട് യാത്രയയപ്പ് സമ്മേളനത്തിന് വഴിമാറി. നിറഞ്ഞ മിഴികളോടെയായിരുന്നു കൗണ്‍സിലര്‍മാരുടെ മറുപടി പ്രസംഗം. ഭരണപക്ഷ കൗണ്‍സിലര്‍ എം എ ഷാഹിന തേങ്ങലോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.