Home Govt Release ഗുരുവായൂര്‍ക്ഷേത്രദര്‍ശനം ജന്മാന്തരപുണ്യം

ഗുരുവായൂര്‍ക്ഷേത്രദര്‍ശനം ജന്മാന്തരപുണ്യം

തൃശ്ശൂർ ജില്ലയിലാണ് ഗുരുവായൂർ സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വസുദേവ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. നാലു കൈകളിലായി പാഞ്ചജന്യം, ഗദ, സുദര്‍ശനചക്രം, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്.

വസുദേവന്‍, ദേവകി, ബലരാമന്‍ തുടങ്ങിയ യാദവര്‍ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം തന്നെയാണ് വായുവും ബൃഹസ്പതിയും ചേര്‍ന്ന് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഭൂലോക വൈകുണ്ഠം എന്ന് വിളിക്കപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം മുക്തിമാര്‍ഗമായാണ് ഭക്തര്‍ കണക്കാക്കുന്നത്. കര്‍ണാടകസംഗീതത്തിനും കഥകളിക്കും കൃഷ്ണനാട്ടത്തിനും പേരുകേട്ട ഗുരുവായൂര്‍ ക്ഷേത്രം നിരവധി ഭക്തരുടെ അത്ഭുത കഥകള്‍കൊണ്ടും പ്രശസ്തമാണ്.

ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണ് നടക്കാറുള്ളത്. പുലർച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത്. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ടാണ് ഭഗവാനെ പള്ളിയുണർത്തുക. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം. രാവിലെ 3:20 തൊട്ട് 3:30 വരെയാണ് വാകച്ചാര്‍ത്ത് ദര്‍ശനം നടക്കുക.
നിര്‍മ്മാല്യദര്‍ശനം, തൈലാഭിഷേകം, വാകച്ചാര്‍ത്ത്, ശംഖാഭിഷേകം, ബാലങ്കാരം, പാലഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ, സായംകാലപൂജ, ദീപാരാധന, അത്താഴപൂജ, തൃപ്പൂക എന്നിങ്ങനെ പന്ത്രണ്ട് ചടങ്ങുകളാണ് ദിവസവും അമ്പലത്തില്‍ നടക്കുന്നത്. ഇതിനു പുറമേ ചിലവേറിയ വഴിപാടുകളായ ഉദയാസ്തമനപൂജ, ആനയെ നടക്ക് ഇരുത്തല്‍ എന്നിവയും നടത്തി വരാറുണ്ട്. ഇതിനെല്ലാം പുറമേ വിവാഹം, തുലാഭാരം, ചോറൂണ്‍ തുടങ്ങിയവ അമ്പലത്തില്‍ വച്ച് നടത്തി കൃതാര്‍ത്ഥതയടയുന്ന ഭക്തരും നിരവധിയാണ്.
ഗുരുവായൂരപ്പനെ അരനൂറ്റാണ്ടിലധികം കാലം സേവിച്ച്, അതായത് ഭഗവാന്റെ തിടമ്പ് വഹിച്ച് 1976ലെ ഗുരുവായൂര്‍ ഏകാദശി നാളില്‍ അനായാസമൃത്യു വരിച്ച ഗുരുവായൂര്‍ കേശവനെന്ന ഗജശ്രേഷ്ടന്റെ സ്മരണ ഗജരാജ സ്മരണയായി ദശമിദിവസം ദേവസ്വം ആഘോഷിക്കുന്നു. അതുപോലെ ക്ഷേത്രത്തില്‍ പതിവായി നടത്തുന്ന വിശേഷങ്ങളില്‍ ഭക്താഗ്രാണികളായ മേല്‍പ്പത്തൂരിന്റേത് നാരായണീയദിനമായും ചെമ്പൈയുടേത് സംഗീതോത്സവമായും പൂന്താനത്തിന്റേത് പൂന്താനദിനമായും ആഘോഷിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here