ന്യൂഡൽഹി : കേരളത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലായതോടെ പ്രചരണത്തിന് കൂടുതൽ സമയം ലഭിക്കും. സ്ഥാനാർത്ഥികളുടെ പ്രചാരണച്ചെലവും കൂടും. മൂന്നാംഘട്ടത്തിൽ ഏപ്രിൽ 23നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നടക്കുന്നത് മേയ് 23നുമാണ്. ഇരുപത് സീറ്റുകളുള്ള കേരളത്തിൽ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. മാർച്ച് 28ന് ആയിരിക്കും കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. ഏപ്രിൽ നാലിന് നാമനിർദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന. എട്ടാം തീയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. വിഷു, ഈസ്റ്റർ എന്നിവ കഴിഞ്ഞ് നോമ്പുകാലത്തിനു മുൻപായി വോട്ടെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു