Home Uncategorized എ.കെ.ആന്‍ണിയുടെ റോളിലേക്ക് കെ.സി.വേണുഗോപാല്‍

എ.കെ.ആന്‍ണിയുടെ റോളിലേക്ക് കെ.സി.വേണുഗോപാല്‍

കെ.സി.വിശാഖ്


തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ആര്‍.ശങ്കറിന്റെ അറുപതുകളില്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി ‘കടല്‍ക്കിഴവന്മാര്‍ നേതൃത്വം ഒഴിയണം’ എന്നു വിളിച്ചുപറഞ്ഞ അന്നത്തെ യുവതുര്‍ക്കി എ.കെ.ആന്റണിയോട് ഇന്നത്തെ കെ.എസ്.യുക്കാര്‍ പഴയ ‘എ.കെ. ആന്റണിയുടെ റോള്‍’ സ്വീകരിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുത്തന്‍ ചര്‍ച്ചകള്‍ക്കും തുടക്കങ്ങള്‍ക്കും ആക്കംകൂട്ടുന്നു. ‘കടല്‍ക്കിഴവന്മാര്‍ നേതൃത്വത്തില്‍ കടിച്ചുതുങ്ങരുത്’ എന്ന് കെ.എസ്.യു.പ്രമേയം പാസിക്കുമ്പോള്‍ അറുപത് വര്‍ഷം കഴിഞ്ഞ് കെ.എസ്.യു.വിന് വീണ്ടും യുവത്വം വന്ന പ്രതീതിയും.

മാത്രമല്ല, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക്് എന്നും അനിഷേധ്യനായിരുന്ന എ.കെ.ആന്‍ണി കാരണവരുടെ സ്ഥാനത്ത് വാര്‍ദ്ധക്യത്തിന്റെ ചാരുകസേരയില്‍ വിശ്രമത്തിലാണ്. കാല്‍ നൂറ്റാണ്ട് മുന്‍പുള്ള എ.കെ..ആന്റണിയുടെ റോളിലേക്ക് ഇന്ന് കെ. സി.വേണുഗോപാല്‍ അവരോധിക്കപ്പെട്ടത് യാഥൃശ്ചികമല്ല. അത് ചരിത്രപരമായ നിയോഗവുമായി കാണാം.
ഇനി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളില്‍ പേന ചലിപ്പിക്കുന്നത് കെ.സി.വേണുഗോപാലായിരിക്കും. ദേശീയ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടനാ ചുമതല വഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേനത്തുമ്പിന് കോണ്‍ഗ്രസ് രാഷ്ട്രിയത്തില്‍ കത്തിമുനയുടെ ഭാവമാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അതിനെ അതിശയത്തോടെ കാണാന്‍ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇന്ത്യയൊട്ടാകെയുള്ള കോണ്‍ഗ്രസിന്റെ സ്വഭാവം ഒന്നു തന്നെ. ലോകസഭാ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയവും കരടും, കരട് കളഞ്ഞ കനല്‍ക്കട്ടയും ഊതിക്കാച്ചിയെടുക്കുന്ന പൊന്നിലും എല്ലാം ഇനി ‘കെ.സി.ടച്ച് ‘ ഉണ്ടാവും എന്നതില്‍ സംശയമില്ല. ഇനിയങ്ങോട്ട് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ മാത്രം കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയാകില്ലെന്നും വ്യക്തമാകുന്നു.

മുല്ലപ്പള്ളിയെ മുന്‍നിര്‍ത്തി കെ.സി.വേണുഗോപാല്‍ ചരട് വലിച്ചാലും പാവകളിപ്പിച്ചാലും സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇനി ഒരുപാട് നാടകങ്ങള്‍ തുടര്‍ന്നുകാണാനാകുമെന്നും വിലയിരുത്തുന്നു.
ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒഴിവുവന്ന സീറ്റുകളിലും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലും ഇപ്പോഴുള്ളവരെ തള്ളിയിട്ട് കയറാനുമുളള ചരടുവലികള്‍ കോണ്‍ഗ്രസിനുള്ളില്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ചില എം.പി.മാരെ താഴെയിടാനും ചില മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനും നിലവിലുള്ള എം.എല്‍.എ.മാരെ കളത്തിലിറക്കാനും നടത്തിയ ശ്രമം ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെട്ടിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്നും ഇതിന്റെയെല്ലാം പ്രഭവകേന്ദ്രം ഏതായിരിക്കുമെന്നും പിന്നീട് ബോധ്യപ്പെടും എന്ന് കണക്കുകൂട്ടുന്നവരുമുണ്ട്.

അതേസമയം വയനാട് ലോക്‌സഭാമണ്ഡലത്തില്‍ നോട്ടമിട്ട് സ്ഥാനാര്‍ഥിയാവുന്നതിന് എം.എം.ഹസ്സന്‍, ഷാനിമോള്‍ ഉസ്മാന്‍, റോസക്കുട്ടി, ടി.സിദ്ദിഖ് തുടങ്ങിയവര്‍ കൂട്ടയോട്ടത്തിലാണ്. കെ.സി.വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആലപ്പുഴ ലക്ഷ്യമിട്ട് ജാതിമത വ്യത്യാസമില്ലാതെ നേതാക്കന്മാര്‍ കച്ചമുറുക്കി തുടങ്ങിയിട്ടുണ്ട്. തൃശൂര്‍, ചാലക്കുടി സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാന്‍ വി.എം.സുധീരനുമേല്‍ സമ്മര്‍ദ്ദമേറുമ്പോള്‍ കണ്ണൂരില്‍ കെ.സുധാകരന്‍ മത്സരിച്ചേ മതിയാകൂ എന്ന നിര്‍ബന്ധത്തിലാണ് ഒരു കൂട്ടം നേതാക്കള്‍.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിയുന്ന വടകര സീറ്റിലേക്ക് ഒരുപാട് പേര്‍ മനസ്സില്‍ ആഗ്രഹംപേറി നടക്കുന്നുവെങ്കിലും സിറ്റ് ഒഴിയുമെന്ന് പറയുന്ന മുല്ലപ്പള്ളി കെ.എസ്.യു പ്രസിഡന്റ് അഭിജിത്തിന്റെ പേരാണ് സൂചിപ്പിച്ചിട്ടുള്ളത്.

കെ.ബാബു, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദിഖ്, എം.എം.ഹസ്സന്‍, ബെന്നിബഹ്നാന്‍ എന്നിവരെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി കരുക്കള്‍ നീക്കുമ്പോള്‍ തന്നോട് ആഭിമുഖ്യമുള്ള എം.പി.മാരെ നിലനിര്‍ത്താന്‍ എ.കെ.ആന്റണിയും സാധ്യമായ തത്വം നടപ്പിലാക്കാനുള്ള ശ്രമത്തിലാണെന്ന് വിലയിരുത്താം.

അതേസമയം രമേശ് ചെന്നിത്തല എല്ലാ രീതിയിലും ആളാകാന്‍ ശ്രമിക്കുമ്പോള്‍ ‘ഉറ്റാലില്‍ എന്തൊക്കെ മീന്‍ വീണു കിട്ടും’ എന്ന് ഒരു നിശ്ചയവുമില്ല. എന്തായാലും രമേശ് ചെന്നിത്തല ഇപ്പോള്‍ മകന്റെ വിവാഹ തിരക്കിലാണ് എന്നതുകൊണ്ട് മറ്റ് നീക്കുപോക്കുകള്‍ക്ക് അദ്ദേഹത്തിന് സമയം കിട്ടിയിട്ടുണ്ടോ എന്നതും ചിന്തനീയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here