ജക്കാർത്ത : ഇന്തോനേഷ്യയിൽ സുനാമി ആഞ്ഞടിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 168 ആയി. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു. സമുദ്രാടിത്തട്ടിൽ ക്രകാറ്റോ അഗ്നിപർവ്വതത്തിൽ സ്ഫോടനമുണ്ടായതാണ് സുനാമിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും സുനാമിയിൽ തകർന്നു. ആയിരക്കണക്കിനു പേർ ഭവന രഹിതരായി. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ 2004 ൽ സുനാമി വീശിയടിച്ചതിന്റെ പതിനാലാം വാർഷികം ആകാൻ മൂന്നു ദിവസം മാത്രം അവശേഷിക്കേയാണ് ഇന്തോനേഷ്യൻ തീരത്ത് വീണ്ടും സുനാമി നാശം വിതച്ചത്. പതിമൂന്ന് രാജ്യങ്ങളെ ബാധിച്ച അന്നത്തെ സുനാമിയിൽ രണ്ടേകാൽ ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലധികം പേർ ഇന്തോനേഷ്യയിൽ മാത്രം കൊല്ലപ്പെട്ടിരുന്നു.