Home Uncategorized ആറ്റുകാല്‍ പൊങ്കാല: സുരക്ഷയ്ക്കായി 5350 പൊലീസുകാര്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടന്നു

ആറ്റുകാല്‍ പൊങ്കാല: സുരക്ഷയ്ക്കായി 5350 പൊലീസുകാര്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടന്നു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടന്നു.പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി 5350 പൊലീസുകാരെ നിയോഗിക്കുമെന്ന് യോഗത്തില്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

രണ്ടായിരത്തി എണ്ണൂറ് തൊഴിലാളികളെ പൊങ്കാലക്ക് ശേഷമുള്ള ശുചീകരണത്തിനായി നിയോഗിച്ചു കഴിഞ്ഞതായി മേയര്‍ വി.കെ.പ്രശാന്ത് യോഗത്തെ അറിയിച്ചു.നഗരസഭയുടെ 32 വാര്‍ഡുകള്‍ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു.

മുന്‍ വര്‍ഷത്തെ പോലെ ഇക്കുറിയും ഗ്രീന്‍ പ്രോട്ടോകോള്‍ ശക്തമാക്കുമെന്ന് മേയര്‍ വ്യക്തമാക്കി.കുടിവെള്ള വിതരണത്തിനായി 1240 ടാപ്പുകളും ഉത്സവ മേഖലയിലാകെ 50 ഷവറുകളും ജല അതോറിറ്റി ഏര്‍പ്പാട് ചെയ്യും.132 ലക്ഷം രൂപ ചെലവഴിച്ച് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 500 കെവിയുടെ ട്രാന്‍സ്‌ഫോമര്‍ പ്രത്യേകമായി സ്ഥാപിച്ചതിനാല്‍ വൈദ്യുതി തകരാറുകള്‍ പരിഹരിക്കപ്പെടുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കിള്ളിയാറും പരിസരവും ശുചീകരിച്ചതായി മൈനര്‍ – മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ അറിയിച്ചു.അന്നദാന വിതരണത്തിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മുന്നൂറോളം കെഎസ്ആര്‍ടിസി ബസ്സുകള്‍ പൊങ്കാലദിവസം പ്രത്യേക സര്‍വീസ് നടത്തും.

കുടിവെള്ളവും വായുവും പരിശോധിക്കാനായി വേണ്ട നടപടി സ്വീകരിച്ചതായി മലിനീകരണനിയന്ത്രണ നിയന്ത്രണബോര്‍ഡ് അറിയിച്ചു.പത്തൊമ്പതാം തിയതി വൈകിട്ട് ആറുമണി മുതല്‍ ഇരുപതാം തീയതി വൈകിട്ട് ആറുമണിവരെ ഉത്സവ മേഖല ലഹരിമുക്ത പ്രദേശമായി സംരക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന എക്‌സൈസ് വകുപ്പും വ്യക്തമാക്കി.

സുരക്ഷയ്ക്കായി 3700 പുരുഷപൊലീസും 1600 വനിതാപോലീസിന് പുറമേ 50 വനിതാ കമാന്‍ഡോയെയും നിയോഗിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതിനു പുറമേ അഞ്ച് ഡ്രോണുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കും.തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും വനിതാപോലീസിന്റെ സേവനം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊങ്കാല പ്രമാണിച്ച് എട്ട് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഇവക്ക് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കും.സ്ത്രീകള്‍ക്ക് ആവശ്യമായ താല്‍ക്കാലിക ശുചിമുറികള്‍ വിവിധ പ്രദേശങ്ങളില്‍ ഒരുക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു.

എംഎല്‍എയുടെ ആവശ്യം ന്യായമാണെന്നും താല്‍ക്കാലിക ശുചിമുറികള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും വ്യക്തമാക്കി. 20-നാണ് ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.

LEAVE A REPLY

Please enter your comment!
Please enter your name here