Home PRD ആറ്റുകാല്‍ പൊങ്കാല ജലസമൃദ്ധമാക്കാന്‍  ഒരുക്കങ്ങളുമായി വാട്ടര്‍ അതോറിറ്റി

ആറ്റുകാല്‍ പൊങ്കാല ജലസമൃദ്ധമാക്കാന്‍  ഒരുക്കങ്ങളുമായി വാട്ടര്‍ അതോറിറ്റി

വാര്‍ത്താക്കുറിപ്പ്, തിരുവനന്തപുരം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്

ആറ്റുകാല്‍ പൊങ്കാല ജലസമൃദ്ധമാക്കാന്‍ 

ഒരുക്കങ്ങളുമായി വാട്ടര്‍ അതോറിറ്റി
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.  പൊങ്കാല ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ ആയിരത്തിലേറെ പ്രത്യേക കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ പ്രത്യേക സംഘം പൊങ്കാല കഴിയുന്നതു വരെയുണ്ടാകും. ആറ്റുകാല്‍, ഫോര്‍ട്ട്, ചാല, ശ്രീവരാഹം എന്നിങ്ങനെ പൊങ്കാലപ്രദേശങ്ങളെ നാലു മേഖലകളായി തിരിച്ച് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നടന്നുവരുന്നു. ഈ മേഖലകളില്‍ 1240 താല്‍ക്കാലിക കുടിവെള്ള ടാപ്പുകളും ആറ്റുകാല്‍ മേഖലയില്‍ 50 ഷവറുകളും സ്ഥാപിക്കും.
തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥാപിക്കുന്ന കിയോസ്‌കുകളില്‍ കുടിവെള്ളം എത്തിക്കാനായി പി.ടി.പി നഗര്‍, വണ്ടിത്തടം, ഫില്‍ട്ടര്‍ ഹൗസ് എന്നിവിടങ്ങളില്‍ വെന്‍ഡിങ് പോയിന്റുകള്‍ സ്ഥാപിക്കും. ആറ്റുകാലിനു സമീപം കല്ലടിമുഖത്ത് ഇത്തവണ പുതിയ വെന്‍ഡിങ് പോയിന്റുമുണ്ട്.  പൊങ്കാല പ്രദേശങ്ങളില്‍ ഡ്രെയ്‌നേജ് പൈപ്പുകളും മാന്‍ഹോളുകളും വൃത്തിയാക്കുന്നതിനായി 69.67 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും  ജോലികള്‍ 18നു മുന്‍പ് പൂര്‍ത്തിയാക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
(പി.ആര്‍.പി. 203/2019)

നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 13)

ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (13 ഫെബ്രുവരി) നടക്കും.  വൈകുന്നേരം മൂന്ന് മണിക്ക് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഉദ്ഘാടനം ചെയ്യുന്നത്.  ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷനാകും.
3.5 കോടി രൂപയുടെ പുതിയ ഒ.പി. ബ്ലോക്ക്, പുതിയ ഡയാലിസിസ് യൂണിറ്റ്, ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയവ മന്ത്രി ഉദ്ഘാടനം ചെയ്യും.  സായി ഗ്രാമിന്റെ സൗജന്യ ആബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സായി ഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറാണ് ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്യുക.
ഡോ. എ. സമ്പത്ത് എം.പി, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
(പി.ആര്‍.പി. 200/2019)
സൗജന്യ സിമന്റ് കട്ടകള്‍ വിതരണം ചെയ്തു
മംഗലപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ സിമന്റ് കട്ടകള്‍ ഇനി മുതല്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ സൗജന്യമായി നിര്‍മിച്ചു നല്‍കും. ആദ്യഘട്ട വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിര്‍വഹിച്ചു. താഴിലുറപ്പ് പദ്ധതി പ്രകാരം കുടുംബശ്രീയാണ് യൂണിറ്റ് ആരംഭിച്ചത്. പഞ്ചായത്തിലെ ഹോളോബ്രിക്‌സ് യൂണിറ്റിലാണ് കട്ട നിര്‍മിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ മംഗലപുരം പഞ്ചായത്തിലെ 30 ലൈഫ് ഗുണഭോക്താക്കള്‍ക്ക് കട്ടകള്‍ നല്‍കി.  വീടൊന്നിന് 1400 കട്ടകളാണ് നല്‍കുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

(പി.ആര്‍.പി. 201/2019)
റോഡരികില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച്
പാങ്ങോട് ഗ്രാമപഞ്ചായത്ത്
മലിനീകരണവും മണ്ണൊലിപ്പും തടയുന്നതിനായി പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ റോഡിന്റെ ഇരുവശങ്ങളിലും വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്നു. തൊഴിലുറപ്പ് പ്രവര്‍ത്തകരാണ് തൈകള്‍ നട്ടു പിടിപ്പിക്കുന്നത്. 1500 മീറ്ററില്‍ റോഡിന്റെ ഇരുവശങ്ങളിലായി 500 ഫലവൃക്ഷത്തൈകളും തണല്‍ വൃക്ഷതൈകളുമാണ് നടുന്നത്.
ഗ്രാമപഞ്ചായത്തിലെ അഞ്ച് നഴ്‌സറികളിലാണ് മാവ്, പ്ലാവ്, റമ്പുട്ടാന്‍ തുടങ്ങിയ തൈകള്‍ ഉത്പാദിപ്പിച്ചത്.  2.5 ലക്ഷം രൂപയിലധികം ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നതിലൂടെ 930 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനുമാകും.
(പി.ആര്‍.പി. 202/2019)
വിദ്യാഭ്യാസ ബോധവല്‍കരണ സെമിനാര്‍
ഗ്രാമീണ മേഖലയിലെ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കായി നെഹ്‌റു യുവകേന്ദ്ര വിദ്യാഭ്യാസ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 രാവിലെ 10.30 ന് തൈക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ തുറമുഖ പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.പി. 204/2019)
ഹരിതകേരളം മിഷന്‍; പ്രവര്‍ത്തന മാര്‍ഗ്ഗരേഖ
മേഖലാ പരിശീലനം
ഹരിതകേരളം മിഷന്‍-കൃഷി ഉപമിഷന്റെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുടെ മേഖലാ പരിശീലനം നെടുമങ്ങാട് മിനി ടൗണ്‍ ഹാളില്‍ നടന്നു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.സുരേഷ് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളും കൃഷി ഉപമിഷന്റെ ‘സുജലം സുഫലം’ എന്ന പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും ചടങ്ങില്‍ അവതരിപ്പിച്ചു. പെരിങ്ങമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ചിത്രകുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്, കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, കിലെ കോ-ഓര്‍ഡിനേറ്റര്‍ ബി. വിജയന്‍ നായര്‍, ഹരിതകേരളം ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 205/2019)
നിയുക്തി മെഗാ ജോബ്‌ഫെയര്‍ 23 ന്
എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നിയുക്തി- 2019 മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി 23 ന് വഴുതക്കാട് ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ രാവിലെ ഒന്‍പത് മുതല്‍ നടക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. . എസ്.എസ്.എല്‍.സി. പ്ലസ് ടു, ബിരുദം, ബി.എച്ച്.എം./ ഡി.എച്ച്.എം. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് ഓഫീസില്‍ നിന്നു ലഭിക്കും.
(പി.ആര്‍.പി. 206/2019)
ആറ്റുകാല്‍ പൊങ്കാല: കണ്‍ട്രോള്‍ റൂം തുറന്നു
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് റവന്യൂ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു.  കുടിവെള്ള വിതരണം, ഭക്ഷണ വിതരണം, ഹരിതചട്ടപാലനം, ശബ്ദമലിനീകരണം, ക്രമസമാധാനം, വൈദ്യുതി വിതരണം, ആരോഗ്യം, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ വിഷയങ്ങളില്‍ ഭക്തജനങ്ങള്‍ക്കുള്ള പരാതികള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.  ഫോണ്‍: 0471 2451126.
(പി.ആര്‍.പി. 207/2019)
വൈദ്യുതി മുടങ്ങും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാലുമുക്ക്, എഫ്.സി.ഐ, തുണ്ടത്തില്‍, ആനന്ദേശ്വരം, പുല്ലാട്ടുകേരി, ചേങ്കോട്ടുകോണം പ്രദേശങ്ങളിലും ശ്രീവരാഹം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കന്നിമേല്‍കൊത്തളം, ജെ.പി നഗര്‍  ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയിലും    മണക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മണക്കാട് ജി.എച്ച്.എസ്, എം.എല്‍.എ റോഡ്  പ്രദേശങ്ങളിലും പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചന്തമുക്ക്, കാരാംകോട്ടുകോണം പ്രദേശങ്ങളിലും ഇന്ന് (ഫെബ്രുവരി 13) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 208/2019)

LEAVE A REPLY

Please enter your comment!
Please enter your name here